Good News

ഇരുകാലുകളും തളര്‍ന്നെങ്കിലും ആത്മവിശ്വാസത്തോടെ രാധ; ഫുഡ് ഡെലിവറി ഗേള്‍, പ്രചോദനം ഈ ജീവിതം

ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സാധാരണക്കാരെ പോലെ ജോലി ലഭിക്കുകയെന്നത് അല്‍പ്പം പ്രയാസമാണ്. എന്നാല്‍ അതൊരിക്കലും അസാധ്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബിഹാര്‍ സ്വദേശിയായ രാധാകുമാരി. ജന്മനാ പോളിയോ ബാധിതയായ രാധയ്ക്ക് എഴുന്നേറ്റ് നടക്കാന്‍ സാധിക്കില്ല. ഇരുന്നുകൊണ്ട് നിരങ്ങി നീങ്ങിയാണ് ഇവരുടെ ജീവിതം.

എന്നാല്‍ ഈ അവസ്ഥയില്‍ മനംനൊന്ത് വീട്ടില്‍ ഒതുങ്ങികൂടാനായി ഒരിക്കലും രാധ തയ്യാറായിരുന്നില്ല. അതിനെ ധൈര്യപൂര്‍വ്വം മറികടന്ന് സാധാരണ ജീവിതം നയിക്കുന്നതിനായി അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ രാധയ്ക്ക് ലഭിച്ചത് ഫുഡ് ഡെലിവറി ഗേളായി . പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന ഒരു വ്യക്തിക്ക് അത് സാധ്യമാകുമോ? ശാരീരിക പരിമിതി ഒരിക്കലും ജോലി ചെയ്യുന്നതിന് ഒരു കുറവായി രാധ എടുത്തില്ല. ആത്മാര്‍ത്ഥമായി തന്നെ ജോലി ചെയ്തു. മനസ്സുണ്ടെങ്കിൽ കാലുകളുടെ സ്വാധീനക്കുറവൊന്നും തടസ്സമല്ല എന്ന് തെളിയിച്ച് പ്രചോദനമാവുകയാണ് അവര്‍. രാവിലെ 11 മുതല്‍ 9 വരെയാണ് ജോലി.

ഫുഡ് ഡെലിവറി സര്‍വ്വീസ് ജോലി നേടുന്ന ബീഹാറിലെ ആദ്യ വനിതയാണ് രാധ. ഇവരുടെ ജോലിക്ക് കൂട്ടായി ഒരു മുച്ചക്ര സ്‌കൂട്ടറുമുണ്ട്. പുറം ജോലിക്ക് പുറമേ വീട്ടിലെ എല്ലാതരത്തിലുള്ള ജോലികളും രാധ തനിയെ ചെയ്യാറുണ്ട്. പാരാബാഡ്മിന്റണില്‍ ബിഹാറിലെ പ്രതിനിധീകരിച്ച താരം കൂടിയാണിവര്‍. ചെറിയ പ്രശ്‌നങ്ങള്‍ ജീവതത്തില്‍ സംഭവിക്കുമ്പോള്‍ തന്നെ അതില്‍ തകര്‍ന്ന് വീഴാതെ സ്വപ്‌നം കണ്ട് ആ സ്വപ്‌നം സാക്ഷാത്കരിച്ച് ജീവിതത്തിലെ പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച രാധ എന്നും സമൂഹത്തിന് ഒരു മാതൃകയാണ്.