Healthy Food

കാടമുട്ടയാണോ കോഴിമുട്ടയാണോ കൂടുതല്‍ ആരോഗ്യകരം? ഇതാണ് വ്യത്യാസം

കാടമുട്ടയാണോ അതോ കോഴിമുട്ടയാണോ കൂടുതല്‍ നല്ലതെന്ന് അല്ലെങ്കില്‍ കൂടുതല്‍ ആരോഗ്യകരമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാവില്ലേ . വലുപ്പം കുറവാണെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ കാടമുട്ട പുലിയാണ്. പോഷകങ്ങളുടെ കലവറയായതിനാല്‍ ആരോഗ്യം സംരക്ഷിക്കാനും ശരീരഭാരം നിയന്ത്രിക്കാനുമെല്ലാം കാടമുട്ട ഉപയോഗിക്കാം.

100 ഗ്രാം കാടമുട്ടയില്‍ 13 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അത് കോഴിമുട്ടയേക്കാള്‍ അല്‍പം കൂടുതലാണ്. നാഡികളുടെ പ്രവര്‍ത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദത്തിനും പ്രധാനപ്പെട്ട വിറ്റാമിന്‍ ബി 12, ആരോഗ്യകരമായ ചര്‍മ്മം, കണ്ണുകള്‍, രോഗപ്രതിരോധ പ്രവര്‍ത്തനം എന്നിവയ്ക്ക് ആവശ്യമായ വിറ്റമിന്‍ എ എന്നിവ കാടമുട്ടയില്‍ അധികമായിയുണ്ട്.

കൂടാതെ, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക്, സെലീനിയം മുതലായവയും കാടമുട്ടയില്‍ ആവശ്യത്തിനുണ്ട്. കൂടാതെ കാടമുട്ടയില്‍ ആരോഗ്യകരമായ കൊഴുപ്പുമുണ്ട്. ഇത് ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നുണ്ട്.

കാടമുട്ടയിലെ സെലിനിയം പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ ചെറുക്കാന്‍ സഹായിക്കുന്നു. ഇതിന് പുറമേ ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും ചുളിവുകള്‍ മാറുന്നതിനും സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കും.

കാടമുട്ടയില്‍ അലര്‍ജി വിരുദ്ധ പ്രോട്ടീനുകള്‍ അടങ്ങിയിരിക്കുന്നു. പ്രകൃതിദത്തമായി അലര്‍ജിയെ പ്രതിരോധിക്കുന്നു. കൊളസ്ട്രോളിന്റെ അളവാണ് കോഴിമുട്ടയും കാടമുട്ടയും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസം. കോഴിമുട്ടയെ അപേക്ഷിച്ച് കാടമുട്ടയില്‍ കൊളസ്ട്രോള്‍ അളവ് ഇരട്ടിയില്‍ കൂടുതലാണ്. അതിനാല്‍ ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവരോ ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവരോ ആണെങ്കിൽ, കാടമുട്ട ഉപംയാഗിക്കും മുന്‍പ് ആരോഗ്യ വിദഗ്ധന്റെ ഉപദേശ തേടണം.