Crime

ഭക്ഷണശാല കൊള്ളയടിക്കുന്നത് തടയാന്‍ ശ്രമിച്ച പോലീസുകാരനെ കബഡി താരങ്ങള്‍ തല്ലിക്കൊന്നു

ബട്ടിന്‍ഡ: ഭക്ഷണശാല കൊള്ളയടിക്കുന്നത് തടയാന്‍ ശ്രമിച്ച പോലീസ് കോണ്‍സ്റ്റബിളിനെ നാല് കബഡി കളിക്കാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. പഞ്ചാബിലെ ബര്‍ണാലയില്‍ നടന്ന സംഭവത്തില്‍ അക്രമികള്‍ ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ തുടങ്ങി. ഞായറാഴ്ച വൈകിട്ട് ഭട്ടിന്‍ഡയിലാണ് സംഭവം. തിക്രിവാളിലെ പരംജിത് സിംഗ്, റെയ്‌സറിലെ ജഗരാജ് സിംഗ്, ചീമയില്‍ നിന്നുള്ള ഗുര്‍മീത് സിംഗ്, അംല സിംഗ് വാല ഗ്രാമത്തിലെ വസീര്‍ സിംഗ് എന്നിവരാണ് പ്രതികള്‍.

ദര്‍ശന്‍ സിംഗ് എന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്. മര്‍ദ്ദനത്തിനിടയില്‍ നിലത്ത് വീഴുകയും മൂര്‍ച്ചയുള്ള വസ്തുവില്‍ തല മാരകമായി ഇടിച്ച് പരിക്കേല്‍ക്കുകയും ചെയ്ത ദര്‍ശന്‍സിംഗ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചു.ഹെഡ് കോണ്‍സ്റ്റബിളിന്റെ കുടുംബത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് ഒരു കോടി രൂപ കൂടി ലഭിക്കും. പ്രതികളെ ഉടന്‍ പിടികൂടാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കബഡി താരങ്ങളുടെ ഒളിത്താവളങ്ങളില്‍ പൊലീസ് സംഘം റെയ്ഡ് നടത്തുകയാണെന്ന് ബര്‍ണാല എസ്എസ്പി സന്ദീപ് കുമാര്‍ മാലിക് പറഞ്ഞു.ഭക്ഷണത്തിന്റെ ബില്ലിന്റെ പേരില്‍ കശപിശ ഉണ്ടാക്കിയ കബഡി താരങ്ങള്‍ ഹോട്ടലില്‍ ആക്രമണം നടത്തുകയും സ്ഥലം നശിപ്പിക്കുകയും ചെയ്തതോടെ ഭക്ഷണശാല ഉടമ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പോലീസ് സംഘത്തിന്റെ ഭാഗമായിരുന്നു ദര്‍ശന്‍ സിംഗ്.