Good News

തന്റെ സ്വപ്നഭവനം പണിത കോണ്‍ട്രാക്ടര്‍ക്ക് ഒരു കോടി രൂപയുടെ വാച്ച് സമ്മാനിച്ച് വീട്ടുടമ

പുതിയ വീട് വെച്ചു നല്‍കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്ക് വീട്ടുടമകള്‍ സമ്മാനങ്ങള്‍ നല്‍കാറുണ്ട്. വസ്ത്രങ്ങളോ, പണമോ മറ്റ് സമ്മാനങ്ങളോ ഒക്കെയാകാം നല്‍കുന്നത്. എന്നാല്‍ വീട് പണിത കോണ്‍ട്രാക്ടര്‍ക്ക് ഒരു കോടി രൂപ വിലമതിക്കുന്ന വാച്ച് സമ്മാനിച്ചിരിയ്ക്കുകയാണ് ഒരു വീട്ടുടമ. പഞ്ചാബിലെ ബിസിനസുകാരനായ ഗുര്‍ദീപ് ദേവ് ബാത്ത് എന്നയാളാണ് തന്റെ വീടു പണി വേഗത്തിലും മനോഹരവുമായി പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ടറായ രാജീന്ദ്രര്‍ സിംഗ് രൂപ്രയ്ക്ക്  ഒരു കോടി രൂപ വിലമതിക്കുന്ന റോളക്‌സ് ഓയിസ്റ്റര്‍ പെര്‍പെച്ച്വല്‍ സ്‌കൈ ഡ്വെല്ലര്‍ വാച്ച് സമ്മാനമായി നല്‍കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശാലമായ ഹാളും അതിവിശിഷ്ടമായ വാസ്തു വിദ്യയുമാണ് വീടിനകം മനോഹരമാക്കുന്നതെന്നും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദിവസം ഇരുനൂറിലധികം ആള്‍ക്കാര്‍ ജോലി ചെയ്ത് 2 വര്‍ഷത്തിനകം കോണ്‍ട്രാക്ടര്‍ വീടുപണി തീര്‍ത്തു നല്‍കി. തങ്ങളുടെ പ്രതീക്ഷകള്‍ക്കപ്പുറം കോണ്‍ട്രാക്ടര്‍ രാജീന്ദ്രര്‍ സിംഗ് രൂപ്ര വീടുപണിത് നല്‍കിയെന്ന് വീട്ടുടമയായ ബിസിനസുകാരന്‍ പറഞ്ഞു. രന്‍ജോദ് സിംഗ് എന്ന ആര്‍ക്കിടെക്ച്ചറര്‍ ആണ് വീടിന്റെ പ്‌ളാന്‍ വരച്ചത്.

പരമ്പരാഗത രാജസ്ഥാനി കോട്ടകളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സിറാക്പൂരില്‍ 9 ഏക്കറിര്‍ സ്ഥലത്ത് ഇദ്ദേഹം വീട് നിര്‍മ്മിച്ചത്. ആധുനിക കാലത്തെ ഒരു കോട്ട എന്നു വിളക്കാവുന്ന തരത്തിലാണ് കോണ്‍ട്രാക്ടര്‍ വീടു നിര്‍മ്മിച്ചിരിക്കുന്നത്. വീടിന്റെ പ്രവേശന കവാടത്തില്‍ രണ്ട് ഗര്‍ജിക്കുന്ന സിംഹങ്ങളുടെ ശില്‍പവും കൊത്തിവച്ചിട്ടുണ്ട്.ഇരുവശങ്ങളും ചെടികളും മരങ്ങളു വച്ച് മനോഹരമാക്കിയിരിക്കുന്ന മുറ്റത്തിന്റെ നടുഭാഗത്ത് അതിമനോഹരമായ ഒരു ജലധാരയുമുണ്ട്. വെളുത്തനിറമാണ് കോട്ടയ്ക്ക് സമാനമായ വീടിന് നല്‍കിയിരിക്കുന്നത്. വീടിനു ചുറ്റും മനോഹരമായ മതിലും നിര്‍മ്മിച്ചിട്ടുണ്ട്.

ഇത്രയും വലിയ ഒരു വസ്തുവില്‍ ഇത്രയും വലിയ ഒരു വീട് വെക്കുന്നത് പ്രതിഫലം കൂടുതല്‍ നല്‍കുമെന്നും എന്നാലും അത് വെല്ലുവിളി നിറഞ്ഞതാണെന്നും പഞ്ചാബിലെ ഷാഹ്‌കോട്ട് സ്വദേശിയായ കോണ്‍ട്രാക്ടര്‍ രാജീന്ദ്രര്‍ സിംഗ് രൂപ്ര പറഞ്ഞു. ഇത്രയും വലിയ വീട് കുറഞ്ഞ കാലയളവില്‍ പണിതു തീര്‍ത്തതിന്റെ എല്ലാ അംഗീകാരവും തന്റെയൊപ്പം നിന്ന തൊഴിലാളികള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.