Health

ഈരീതി പിന്തുടരരുത്; മൂത്രംകൊണ്ട് കണ്ണുകഴുകുന്ന വീഡിയോയ്ക്കെതിരെ ഡോക്ടർ

നാട്ടുമരുന്ന്, പരമ്പരാഗത ചികിത്സ എന്നപേരിലൊക്കെ അനാരോ​ഗ്യകരമായ ഹെൽത്ത് ടിപ്സ് സാമൂഹികമാധ്യമത്തിൽ ഇൻഫ്ലുവൻസർമാർ എന്നപേരിൽ പങ്കുവെക്കുന്നവർ ഏറെയാണ്. എന്നാൽ ഇത് പലപ്പോഴും അപകടം പിടിച്ചതും ശരീരത്തിന് ഹാനികരവുമാകുന്നതുമാണ് അവയിൽ പലതും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സാമൂഹികമാധ്യമത്തിൽ നിറയുന്നതും . സ്വന്തം മൂത്രം ഉപയോ​ഗിച്ച് കണ്ണ് കഴുകുന്നതിന്റെ വീഡിയോ ആണ് ഒരു യുവതി പങ്കുവെച്ചത്. തൊട്ടുപിന്നാലെ ഇതിനെ വിമർശിച്ച് സോഷ്യൽമീഡിയയിൽ ലിവർഡോക്ടർ എന്ന പേരിൽ അറിയപ്പെടുന്ന ഡോ. സിറിയക് എബി ഫിലിപ്സ് രം​ഗത്തെത്തി.

പൂനെയിൽ നിന്നുള്ള നൂപുർ പിറ്റിയാണ് തന്റെ നേത്ര സംരക്ഷണരീതിയെപ്പറ്റി പങ്കുവെച്ചത്. മെഡിസിൻ ഫ്രീ ലൈഫ് കോച്ച് എന്ന പേരിൽ അറിയപ്പെടുന്ന നൂപുർ പ്രകൃതിയുടെ സ്വന്തം മരുന്ന് എന്നപേരിലാണ് മൂത്രം കൊണ്ട് കണ്ണ് കഴുകുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. കണ്ണ് ചുവക്കുന്നതിനും വരളുന്നതിനും മറ്റ് അസ്വസ്ഥതകൾക്കും ഫലപ്രദമാണിതെന്നും നൂപുർ പറയുന്നുണ്ട്.

എന്നാൽ ഈ രീതി ഒരിക്കലും പിന്തുടരുന്നതെന്ന് പറഞ്ഞ് താക്കീതോടെയാണ് ഡോ. സിറിയക് എബി ഫിലിപ്സ് എക്സിൽ കുറിച്ചത്. നിങ്ങളുടെ മൂത്രം ഒരിക്കലും കണ്ണിനുള്ളിലേക്ക് ആക്കരുതെന്നും മൂത്രം അണുവിമുക്തം അല്ലെന്നും ഡോക്ടർ കുറിച്ചു. നിരാശാജനകവും ഭയപ്പെടുത്തുന്നതുമാണ് വീ‍ഡിയോ എന്നും അദ്ദേഹം കുറിച്ചു. ഇത് സാധാരണമല്ലെന്നും സോഷ്യൽമീഡിയയിൽ തരം​ഗമാകാൻ വേണ്ടിയാണെങ്കിൽ ഇതല്ല വഴിയെന്നും അദ്ദേഹം കുറിച്ചു.

അടുത്തിടെ ബോളിവു‍‍ഡ് നടൻ പരേഷ് റാവൽ മൂത്രപാനം തന്റെ പരിക്ക് അതിവേ​ഗം ഭേദമാക്കിയെന്ന് അവകാശവാദം നടത്തിയപ്പോഴും ഡോ.സിറിയക് എബി ഫിലിപ്സ് രം​ഗത്തെത്തിയിരുന്നു. മൂത്രം കുടിക്കുന്നത് ദോഷകരമാകാൻ ഇടയുണ്ടെന്നും ഹാനികരമായ ബാക്ടീരിയ, ടോക്സിനുകൾ തുടങ്ങിയ വസ്തുക്കൾ ശരീരത്തിൽ പ്രവേശിക്കാനിടയുണ്ടെന്നുമാണ് ഡോക്ടർ പറഞ്ഞത്. ശരീരത്തിലെ വിഷവസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുന്നതിനായി വൃക്കകൾ കഠിനമായി പ്രവർത്തിക്കുകയാണെന്നും വീണ്ടും മൂത്രത്തെ ശരീരത്തിലേക്ക് തന്നെ തിരിച്ചയച്ച് വൃക്കകളെ അപമാനിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു