Crime

‘ഇന്ത്യക്കാർ കാറുകളിലെ സൺറൂഫ് പോലുള്ള ഫീച്ചറുകൾ അർഹിക്കുന്നില്ല’ വീഡിയോ കണ്ടുനോക്കൂ

സണ്‍റൂഫിലൂടെ പുറത്തേക്ക് തലയിട്ടുള്ള യാത്ര പലപ്പോഴും റോഡുകളിലെ ഒരു കാഴ്ച്ചയാണ്. എന്നാല്‍ ഇനി ശ്രദ്ധിക്കുക. കാരണം അത് നിയമലംഘനമാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഈ നിയമലംഘനം അറിഞ്ഞ ബെംഗളൂരു പോലീസ് നിയമം ലംഘിച്ചവര്‍ക്ക് 1000 രൂപയാണ് പിഴയായി വിധിച്ചത്. സുകേഷ് എന്ന വ്യക്തിയായിരുന്നു എക്‌സിലൂടെ ഇത്തരത്തിലുള്ള ഒരു വീഡിയോ പങ്കിട്ടത്.

‘‘നമ്മൾ ഇന്ത്യക്കാർ കാറുകളിലെ സൺറൂഫ് പോലുള്ള ഫീച്ചറുകൾ അർഹിക്കുന്നില്ല. ബുദ്ധിശൂന്യരായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ തലവെളിയിലേയ്ക്കിട്ട് കാഴ്ചകള്‍കണ്ട് യാത്രചെയ്യാന്‍ അനുവദിക്കുന്നു. അതും കനത്ത ട്രാഫിക്കിൽ, പെട്ടെന്ന് ബ്രേക്ക് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒപ്പം അപകടവും. മാറത്തഹള്ളി ഔട്ടർ റിങ് റോഡിലായിരുന്നു ഈ കാഴ്ച’’ സുകേഷ് എക്‌സില്‍ കുറിച്ചു.

രണ്ട് കുട്ടികള്‍ സണ്‍റൂഫിലൂടെ പുറത്തേക്ക് സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു അത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിഷയം അന്വേഷിച്ച് ബെംഗളൂരു ട്രാഫിക് പോലീസ് നിയമലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തി.

ഇന്ന് സാധാരണ കാറുകളില്‍ പോലും സണ്‍ റൂഫ് ലഭ്യമാണ്. പുറത്ത് നിന്നുള്ള വായുവും വെളിച്ചവും വാഹനത്തിന് അകത്തേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന സൗകര്യമാണ് സണ്‍ റൂഫ്. വായു മലിനീകരണമുള്ളടത്തെല്ലാം സണ്‍റൂഫിന്റെ ഉപയോഗം പരിമിതമാണ്.ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ ഒരുപക്ഷെ സണ്‍റൂഫ് അപകടത്തിന്കാരണമാകാം.

യാത്രക്കാരെ, പ്രത്യേകിച്ച് കുട്ടികളെ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ സണ്‍റൂഫിലൂടെ പുറത്തേക്കു തലയിടാന്‍ അനുവദിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നു. പെട്ടെന്ന് ബ്രെക്ക് ഇടുന്ന സാഹചര്യത്തില്‍ പരിക്കേല്‍ക്കാനും ഇവര്‍ തെറിച്ച് പോകാനുമുള്ള സാധ്യത കൂടുതലാണ്. കൂടാതെ സെല്‍ഫിയും വീഡിയോയുമൊക്കെ എടുക്കുന്നതും ഡ്രൈവറുടെ ശ്രദ്ധ മാറുന്നതിനും അപകടം ഉണ്ടാകുന്നതിനും കാരണമാകും. താഴ്ന്ന് കിടക്കുന്ന വയറുകളും ചില്ലകളും ഒക്കെ ഇത്തരം സമയങ്ങളില്‍ അപകടകാരണമാകാറുണ്ട്.