Hollywood

പോകിമാന്‍ സീരീസിലെ മിസ്റ്റിക്കും ജസ്സിക്കും ശബ്ദം നല്‍കിയ റേച്ചല്‍ ലില്ലീസ് വിടപറഞ്ഞു

പോക്കിമോന്‍ ആനിമേറ്റഡ് സീരീസില്‍ മിസ്റ്റിക്കും ജെസ്സിക്കും ശബ്ദം നല്‍കിയിരുന്ന ഹോളിവുഡ് നടി റേച്ചല്‍ ലില്ലിസ് വിട പറഞ്ഞു. പോക്കിമോനെ പ്രശസ്തമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റിന്റെ നിര്യാണം ദീര്‍ഘനാള്‍ പിടിപെട്ടിരുന്ന കാന്‍സര്‍ മൂലമാണ്.


”റേച്ചല്‍ ലില്ലിസിന്റെ വിയോഗത്തെക്കുറിച്ച് കേട്ടതില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. പോക്കിമോന്‍ ആനിമേറ്റഡ് സീരീസിലെ അവളുടെ പ്രകടനം അവളുടെ പ്രത്യേക കഴിവുകൊണ്ട് ജീവസുറ്റ കഥാപാത്രങ്ങള്‍ക്കൊപ്പം വളര്‍ന്ന നിരവധി ആരാധകര്‍ വിലമതിക്കും.” പോക്ക്മാന്‍ കമ്പനി ഒരു കുറിപ്പില്‍ പങ്കുവെച്ചു. ”അവര്‍ വരും തലമുറകളിലേക്ക് സ്മരിക്കപ്പെടും, ഞങ്ങള്‍ അവരെ ഹൃദയത്തില്‍ സൂക്ഷിക്കും. ഞങ്ങളുടെ ചിന്തകളും അനുശോചനങ്ങളും അവളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമുണ്ട്.”


1978-ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ലില്ലിസ് 1990-കളില്‍ ശബ്ദതാരമാകുന്നതിന് മുമ്പ് ഓപ്പറയില്‍ പരിശീലനം നേടിയിരുന്നു. നൂറുകണക്കിന് ടിവി ഷോകളിലും സിനിമകളിലും ഗെയിമുകളിലും അവള്‍ പ്രത്യക്ഷപ്പെട്ടു. 1998-ല്‍ പോക്കിമോന്‍ ആനിമേഷന്റെ ഇംഗ്ലീഷ് ഡബ്ബില്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ മിസ്റ്റിക്ക് ശബ്ദം നല്‍കി. വില്ലന്‍ ജെസ്സി, ടീം റോക്കറ്റിന്റെ പകുതി, ജിഗ്ലിപഫ്, വള്‍പിക്‌സ്, വെനോനാറ്റ്, ഗോള്‍ഡീന്‍ എന്നിവയുള്‍പ്പെടെ നിരവധി പോക്കിമോന്‍ ജീവികള്‍ എന്നിവയ്ക്കും ലില്ലിസ് ശബ്ദം നല്‍കി.


1990കളിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിലൊന്നായ ജാപ്പനീസ് കാര്‍ട്ടൂണിന്റെ 423 എപ്പിസോഡുകളിലാണ് നടിയുടെ ശബ്ദം മുഴങ്ങിയത്. ലില്ലിസിന് സ്തനാര്‍ബുദം ബാധിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ 2024 മെയ് മാസത്തില്‍, ലില്ലിസിന്റെ സഹോദരി സൃഷ്ടിച്ച ഒരു ‘ഗോഫണ്ട് മീ’ ക്യാമ്പയില്‍ തുടങ്ങിയിരുന്നു. ചികിത്സയ്ക്കായി പണം സ്വരൂപണത്തിന് വേണ്ടിയുള്ള ക്യാമ്പയിന്‍ സഹതാരങ്ങളില്‍ പലരും പങ്കിട്ടു. വികാരനിര്‍ഭരമായ ഒരു കത്തിലൂടെ ലില്ലിസിന്റെ സഹപ്രവര്‍ത്തക വെറോണിക്ക ടെയ്ലറാണ് ദുരന്തവാര്‍ത്ത പുറത്തുവിട്ടത്.