ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ഫോട്ടോ എന്റേതായിരുന്നു, പക്ഷേ പേര് മറ്റൊരാളുടേതുമായിരുന്നെന്ന് ഹരിയാന വോട്ടര്‍. രാഹുല്‍ ഗാന്ധിയുടെ ‘എച്ച്-ബോംബ്’ വിവാദത്തിനു പിന്നാലെയാണു വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പ് കമ്മിഷനും ഭരണകക്ഷിയായ ബി.ജെ.പിയും ഉള്‍പ്പെട്ട കേന്ദ്രീകൃത വോട്ടര്‍ തട്ടിപ്പ് സംബന്ധിച്ച രാഹുലിന്റെ ആരോപണത്തിലെ 223 വോട്ടര്‍ ഐഡികളില്‍ ഒരേ ചിത്രം പ്രത്യക്ഷപ്പെട്ടതു സംബന്ധിച്ചാണു വിശദീകരണം.
ഹരിയാനയിലെ അംബാല ജില്ലയിലെ ധക്കോള ഗ്രാമത്തില്‍ താമസിക്കുന്ന ചരണ്‍ജിത് കൗറി(75)ന്റെ ഫോട്ടോയാണ് തട്ടിപ്പിന് ഉപയോഗിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ മാത്രമാണ് താന്‍ വോട്ട് ചെയ്തതെന്ന് കൗര്‍ മാധ്യമങ്ങളോടു പറഞ്ഞു. ‘ഞാന്‍ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ പട്ടികയിലുണ്ടായിരുന്ന ഫോട്ടോ എന്റേതായിരുന്നു. പക്ഷേ, അത് മറ്റൊരാളുടെ പേരിന് നേരേയായിരുന്നു. നിരവധി വോട്ടര്‍ ഐഡി കാര്‍ഡുകളില്‍ തന്റെ ഫോട്ടോ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് എല്ലാവരും പറഞ്ഞതായും മകനോട് ഇക്കാര്യം സൂചിപ്പിച്ചതായും അവര്‍ പറഞ്ഞു.
ഗ്രാമമുഖ്യന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ച കൗറിന്റെ മകന്‍ തേജീന്ദര്‍ സിങ് ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. തന്റെ അമ്മയുടെ ഫോട്ടോ ഒന്നിലധികം ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ തെറ്റായ പേരുകളും വിലാസങ്ങളുമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അച്ചടിപ്പിശകാണെന്ന് തോന്നി നടപടിയൊന്നും സ്വീകരിച്ചതുമില്ല. തെറ്റായ വോട്ടര്‍ പട്ടികയും തന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതായി സിങ് പറഞ്ഞു. സരോജ് എന്ന സ്ത്രീയുടെ വോട്ടര്‍ ഐഡിയില്‍ മറ്റൊരാളുടെ ഫോട്ടോയും ഉണ്ടായിരുന്നതായി പരാതി ഉയര്‍ന്നു. അത് ‘ബ്രസീലിയന്‍ മോഡലിന്റെ’ ഫോട്ടോ ആയിരുന്നെന്ന് സരോജിന്റെ അമ്മ കലാവതി മാധ്യമങ്ങളോടു പറഞ്ഞു. തന്റെ മകള്‍ വിവാഹിതയായി ഇപ്പോള്‍ ഭിവാനിയിലാണ് താമസിക്കുന്നതെന്നും മകള്‍ക്ക് അവിടെയാണു വോട്ടെന്നും കലാവതി പറഞ്ഞു. തന്റെ വോട്ടര്‍ ഐഡിയില്‍ മറ്റൊരു സ്ത്രീയുടെ ഫോട്ടോ കണ്ടെത്തിയതായി
പിങ്കി എന്ന വോട്ടറും പറഞ്ഞു. ആധാര്‍ കാര്‍ഡ് കാണിച്ചാണ് തനിക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞതെന്ന് അവര്‍ വ്യക്തമാക്കി.
സോണിപത് ജില്ലയിലെ മാലിക്പുര്‍ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി വോട്ടര്‍മാര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മേയ് മാസങ്ങളില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്‌തെങ്കിലും അഞ്ച് മാസത്തിനുശേഷം സംസ്ഥാന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് അഞ്ജലി ത്യാഗിയെന്ന വോട്ടര്‍ പറഞ്ഞു.




