ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിന്ദു വിമാനത്താവളത്തിൽ എയർ കോംഗോ വിമാനത്തിലെ യാത്രക്കാർക്ക് ദുരനുഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിമാനത്തിനുള്ളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നതിനെത്തുടർന്ന് ക്ഷമ നശിച്ച യാത്രക്കാർ വിമാനത്തിന്റെ പ്രധാന വാതിലിലൂടെ താഴേക്ക് ചാടുകയായിരുന്നു. ടാർമാക്കിൽ നിന്ന് ഏകദേശം 5-6 അടി ഉയരത്തിലുള്ള വാതിലിലൂടെയാണ് യാത്രക്കാർ ചാടിയത്. വിമാനത്തിൽ നിന്ന് ഇറങ്ങാനുള്ള പടികൾ (Mobile stairs) ലഭ്യമാക്കാൻ അധികൃതർക്ക് കഴിയാതെ വന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമായത്.
രാത്രിയിൽ ചിത്രീകരിച്ച ഈ സംഭവത്തിന്റെ വീഡിയോ എക്സിൽ (പഴയ ട്വിറ്റർ) വൈറലായിട്ടുണ്ട്. ‘@fl360aero’ എന്ന ഏവിയേഷൻ അക്കൗണ്ട് പങ്കുവെച്ച വീഡിയോയിൽ, തുറന്നിട്ട വിമാനവാതിലിലൂടെ താഴേക്ക് ചാടുന്ന യാത്രക്കാരെ മറ്റുള്ളവർ സഹായിക്കുന്നത് കാണാം.
പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കും ഈ സാഹചര്യം സൃഷ്ടിച്ച സുരക്ഷാ ഭീഷണിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ആശങ്കകൾ ഉയരുന്നുണ്ട്. ഉൾനാടൻ വിമാനത്താവളങ്ങളിലെ സേവന നിലവാരത്തിന്റെ വലിയ പരാജയമാണിതെന്ന് ആളുകൾ കമന്റ് ബോക്സുകളിൽ കുറിക്കുന്നു.
മനീമ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന കിന്ദു വിമാനത്താവളം കിഴക്കൻ ഡി.ആർ. കോംഗോയിലെ ഒരു പ്രധാന കേന്ദ്രമാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ പിന്നിലാണ്. ഗ്രൗണ്ട് ഉപകരണങ്ങളുടെ അഭാവം, കാലഹരണപ്പെട്ട സൗകര്യങ്ങൾ, അറ്റകുറ്റപ്പണികളിലെ താമസം എന്നിവ ഇവിടുത്തെ സ്ഥിരം പ്രശ്നങ്ങളാണ്. രാജ്യത്തിന്റെ വലിപ്പം, നിലനിൽക്കുന്ന സംഘർഷങ്ങൾ, നിക്ഷേപങ്ങളുടെ കുറവ് എന്നിവ ഈ പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നു.
എത്യോപ്യൻ എയർലൈൻസുമായി സഹകരിച്ച് 2024 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച ഡി.ആർ. കോംഗോയുടെ പുതിയ ദേശീയ വിമാനക്കമ്പനിയാണ് എയർ കോംഗോ. ഉൾനാടൻ മേഖലകളിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെങ്കിലും, ഇത്തരം സംഭവങ്ങൾ വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങളുടെ പോരായ്മകൾ എടുത്തുകാണിക്കുന്നു.




