തന്റെ വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ ഡോക്യുമെന്ററിയായ ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്ന ചിത്രത്തിനായി ‘നാനും റൗഡി ധാന്‍’ എന്ന ചിത്രത്തിലെ സിനിമാ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് 10 കോടി കോപ്പിറൈറ്റ് ചോദിച്ച നടന്‍ ധനുഷിന് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര എഴുതിയ തുറന്ന കത്താണ് ഇപ്പോള്‍ തമിഴ്‌സിനിമാ വേദിയിലെ സംഭാഷണ വിഷയം.
സംഭവത്തില്‍ നയന്‍താരയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മലയാളികളും ധനുഷിന്റെ മുന്‍ നായികമാരും ആയിരുന്ന പാര്‍വ്വതി തിരുവോത്തും അനുപമാ പരമേശ്വരനും നസ്രിയയും ഐശ്വര്യാലക്ഷ്മിയും ഗൗരി ജി കിഷനുമെല്ലാം. ഭരത് ബാലയുടെ 2013 ലെ മരിയന്‍ എന്ന ചിത്രത്തിലെ ധനുഷിന്റെ സഹനടിയായ പാര്‍വതി തിരുവോത്ത്, നയന്‍താരയുടെ തുറന്ന കത്ത് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ നമസ്തേ ഇമോജികള്‍ക്കൊപ്പം വീണ്ടും പോസ്റ്റ് ചെയ്തു. നയന്‍താര തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ഇത് വീണ്ടും പോസ്റ്റ് ചെയ്തു. ധനുഷിന് സമര്‍പ്പിച്ച തുറന്ന കത്തിലൂടെ നയന്‍താര ശനിയാഴ്ച എല്ലാവരെയും അമ്പരപ്പിച്ചപ്പോള്‍ ധനുഷിന്റെ മുന്‍കാല സഹതാരങ്ങളില്‍ പലരും നയന്‍താരയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പിന്തുണ അറിയിച്ചു.
ആര്‍എസ് ദുരൈ സെന്തില്‍കുമാറിന്റെ 2016ലെ രാഷ്ട്രീയ ആക്ഷന്‍ ഡ്രാമയായ കൊടിയില്‍ ധനുഷിനൊപ്പം സ്‌ക്രീന്‍ സ്പേസ് പങ്കിട്ട അനുപമ പരമേശ്വരന്‍ നയന്‍താരയുടെ പോസ്റ്റ് ലൈക്ക് ചെയ്തു. മറ്റൊരു മലയാളിയായ നസ്രിയ ഫഹദും ധനുഷിനെതിരേ നയന്‍താരയ്ക്ക് പിന്തുണ നല്‍കി. ആര്‍ വേല്‍രാജിന്റെ 2013 ലെ റൊമാന്റിക് കോമഡി നൈയാണ്ടിയിലെ ധനുഷിന്റെ സഹനടിയായിരുന്നു നസ്രിയ. കാര്‍ത്തിക് സുബ്ബരാജിന്റെ 2021 ലെ ആക്ഷന്‍ ത്രില്ലര്‍ ജഗമേ തന്ദിരം എന്ന ചിത്രത്തിലെ സഹനടിയായരുന്നു ഐശ്വര്യാ ലക്ഷ്മി. മാരി സെല്‍വരാജിന്റെ താരം 2021 ആക്ഷന്‍ ചിത്രം കര്‍ണനില്‍ സഹതാരമായിരുന്നു ഗൗരി ജി കിഷന്‍.
തന്നോടും തന്റെ ഭര്‍ത്താവായ ചലച്ചിത്ര നിര്‍മ്മാതാവ് വിഘ്‌നേഷ് ശിവനോടും ധനുഷിന് വ്യക്തിപരമായ പകയുണ്ടെന്ന് തുറന്ന കത്തില്‍ നയന്‍താര ആരോപിച്ചു. വിജയ് സേതുപതിയ്ക്കൊപ്പം നയന്‍താരയെ അവതരിപ്പിച്ച നാനും റൗഡി ദാന്‍ എന്ന ചിത്രം വിഘ്നേഷ് ശിവനാണ് സംവിധാനം ചെയ്തത്. 2015 ല്‍ പുറത്തുവന്ന സിനിമ വന്‍ഹിറ്റായിരുന്നു.