Oddly News

ഒരു കിലോ മുളക് സോസ് കഴിച്ചത് വെറും 3 മിനിറ്റില്‍; ഗിന്നസ് റെക്കോര്‍ഡിട്ട് യൂട്യൂബര്‍

പല തരത്തിലുള്ള ലോകറെക്കോഡുകളും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ വെറും മൂന്ന് മിനിറ്റ് കൊണ്ട് ഒരു കിലോയിലേറെ മുളക് സോസ് അകത്താക്കി റെക്കോര്‍ഡിട്ടിരിക്കുകയാണ് മൈക്ക് ജാക്ക്. ഇദ്ദേഹം ഒരു യൂട്യൂബര്‍ കൂടിയാണ്. സ്പൈസി സോസായ സിറാച്ചയാണ് ഇഷ്ട ഭക്ഷണം. ഇത് മുളകും ഉപ്പും വിനാഗിരിയും വെളുത്തുള്ളിയും ചേര്‍ത്തുള്ള ഒരു തായി സോസാണ്. മത്സ്യ വിഭവങ്ങള്‍ രുചി കൂട്ടാനായി ഇത് ഉപയോഗിക്കാറുണ്ട്.

മൈക്കിന്റെ റെക്കോര്‍ഡ് സോസ് തീറ്റ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അവരുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ പങ്കുവച്ചിട്ടുണ്ട്. രണ്ട് കുപ്പിയിലുള്ള സോസ് മുഴുവനായി ഒരു ബൗളിലേക്ക് മാറ്റിയതിന് ശേഷം സ്പൂണ്‍ കൊണ്ടായിരുന്നു മൈക്കിന്റെ തീറ്റ. മധുരമുള്ള ആപ്പിള്‍ സോസാണ് താന്‍ കഴിക്കുന്നതെന്ന് മനസ്സില്‍ പറഞ്ഞുകൊണ്ടാണ് താന്‍ ആ സോസ് അകത്താക്കിയതെന്ന് മൈക്ക് വെളിപ്പെടുത്തി. സോസ് മൂന്ന് മിനിറ്റില്‍ അകത്താക്കിയതോടെ മത്തുപിടിച്ചുപോയതായും മൈക്ക് പറയുന്നു.

റെക്കോര്‍ഡ് കിട്ടിയ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞുവെന്നും കണ്ടിട്ട് തന്നെ വായ എരിയുകയായിരുന്നുവെന്നുമായിരുന്നു ഉപയോക്തക്കാളുടെ കമന്റ്. എന്നാല്‍ ഇതുപോലെ ഗോസ്റ്റ് പെപ്പര്‍ സോസ് കൂടി കഴിക്കാമോയെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഒരു പരിധിയില്‍ അധികമായി സോസ് കഴിച്ചാല്‍ വയറെരിയും.സാരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും.എന്നാല്‍ എരിവ് കഴിച്ചാല്‍ കുഴപ്പമില്ലാത്ത ശരീരമാണ് തന്റേതെന്ന് ഗിന്നസ് ടീമിനോട് മൈക്ക് വെളിപ്പെടുത്തി.