പൊതുവെ കാണപ്പെടുന്ന അര്‍ബുദങ്ങളിലൊന്നാണ് നാവിനെ ബാധിക്കുന്ന ടങ് കാന്‍സര്‍. എച്ച്‌പിവി അണുബാധ, പുകയില ഉപയോഗം എന്നിങ്ങനെ പല കാരണങ്ങള്‍കൊണ്ടാകാം നാവിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയിലേക്ക് നയിക്കുന്നത്. എന്നാല്‍ സമ്മര്‍ദം, മദ്യപാനം, വായിലെ ശുചിത്വക്കുറവ് എന്നിവ ഈ ഇനം കാനസറില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താമെന്ന് ഹൈദരാബാദ് യശോദ ഹോസ്‌പിറ്റല്‍സിലെ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ഓങ്കോളജിസ്‌റ്റ് ഡോ. കെ. ശ്രീകാന്ത് പറയുന്നു.
- മദ്യപാനം
മദ്യപാനികളുടെ ശരീരത്തില്‍ മദ്യം വിഘടിപ്പിക്കപ്പെടുമ്പോള്‍ അസെറ്റാല്‍ഡിഹൈഡ് എന്ന വിഷാംശം നിര്‍മ്മിക്കപ്പെടുന്നു. ഡിഎന്‍എയെ നശിപ്പിച്ച് അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയ്‌ക്ക് അസെറ്റാല്‍ഡിഹൈഡ് കാരണമാകാം. നിത്യവുമുള്ള മദ്യപാനം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തുന്നത് ഹാനികാരകങ്ങളായ വസ്‌തുക്കള്‍ കോശങ്ങള്‍ക്കുള്ളിലെത്തുന്നത് എളുപ്പമാക്കും. മദ്യപാനം ഒഴിവാക്കേണ്ടതും പരിമിതപ്പെടുത്തേണ്ടതും കരളിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് മാത്രമല്ല വായിലെ അര്‍ബുദങ്ങള്‍ ഒഴിവാക്കുന്നതിനും പ്രധാനമാണ്.
- സമ്മര്‍ദം നിരന്തരമായ സമ്മര്‍ദം ശരീരത്തില്‍ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ പോലുള്ള സമ്മര്‍ദ്ധ ഹോര്‍മോണുകളുടെ ഉത്‌പാദനത്തിന് കാരണമാകും. ഇവയും പ്രതിരോധസംവിധാനത്തെ ദുര്‍ബലമാക്കി അനാരോഗ്യകരമായ കോശവളര്‍ച്ചയിലേക്ക് നയിക്കും. വായിലും നാവിലുമെല്ലാം അര്‍ബുദ സാധ്യത ഇത് മൂലം വര്‍ധിക്കാം
- വായിലെ ശുചിത്വം
പല്ലിന്റെയും വായുടെയും ശുചിത്വം കാത്ത് സൂക്ഷിക്കാതിരിക്കുന്നത് നിരന്തരമായ അണുബാധകള്‍ വായിലുണ്ടാക്കും. മോണകളും നാക്കുമെല്ലാം ശരിയായി വൃത്തിയാക്കാതിരിക്കുന്നത് അണുബാധകളിലേക്ക് നയിക്കാം. ഈ അണുബാധകള്‍ തുടര്‍ക്കഥയാകുന്നത് അസാധാരണ കോശവളര്‍ച്ച കണ്ടെത്തുന്നതില്‍ നിന്ന് പ്രതിരോധസംവിധാനത്തെ പരാജയപ്പെടുത്താം. വൃത്തിയാക്കാത്ത വായില്‍ വളരുന്ന അണുക്കള്‍ പുറപ്പെടുവിക്കുന്ന വിഷാംശവും ഡിഎന്‍എയ്‌ക്ക് ക്ഷതമുണ്ടാക്കി സ്വാഭാവിക കോശ വളര്‍ച്ചയെ താറുമാറാക്കാം. നിത്യവുമുള്ള പല്ല് തേപ്പ്, ദന്തപരിശാധന, വായുടെ ആരോഗ്യം കാത്ത് സൂക്ഷിക്കുന്നതിനുള്ള ശുചിത്വശീലങ്ങള്‍ എന്നിവ മോണരോഗങ്ങളെ മാത്രമല്ല നാക്കിലെ അര്‍ബുദത്തെയും തടുത്ത് നിര്‍ത്തുമെന്നും ഡോക്ടർ എച്ച്‌ടി ലൈഫ്‌സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.




