ദൈനംദിന ജീവിതശൈലിയിൽ സസ്യാഹാരം ഉൾപ്പെടുത്തിയിട്ടുള്ള അപൂർവ രാജ്യങ്ങളിലൊന്നാണ് നമ്മുടെ ഇന്ത്യ. പശ്ചിമ ബംഗാളിന്റെ കിഴക്കൻ ഭാഗമോ ഗുജറാത്തിന്റെ പടിഞ്ഞാറൻ ഭാഗമോ ആകട്ടെ, സസ്യാഹാരം ആളുകളുടെ ദൈനംദിന ഭക്ഷണശീലത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ സസ്യാഹാരികൾ ഉള്ളത് ഇന്ത്യയിലാണെന്ന് അറിയുമ്പോൾ അതിശയിക്കേണ്ട കാര്യമില്ല.
എന്നാൽ അതേസമയം സസ്യാഹാരം പോലെ തന്നെ, ഇവിടുത്തെ ആളുകൾക്ക് മാംസാഹാരത്തോടും വലിയ പ്രിയമായതുകൊണ്ട് ആ ബിസിനസ്സും ഇവിടെ വളരെ വേഗമാണ് വളർന്നുകൊണ്ടിരിക്കുന്നത്.
സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ട് അനുസരിച്ച്, 2025 ആകുമ്പോഴേക്കും മാംസ വിപണിയുടെ മൂല്യം മാത്രം 35.87 ബില്യൺ യുഎസ് ഡോളറായിരിക്കും എന്നാണ് കരുതപെടുന്നത്. എന്നാൽ രാജ്യത്ത് മാംസാഹാരം പൂർണ്ണമായും നിരോധിച്ചിരിക്കുന്ന ഒരു നഗരവുമുണ്ട്. ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിലെ പാലിത്താന നഗരമാണത്. മാംസാഹാരം പൂർണ്ണമായും നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരമായി മാറിയിരിക്കുകയാണ് പാലിത്താന.
ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ട് അനുസരിച്ച്, 2014 ൽ 200 ലധികം ജൈന സന്യാസിമാരുടെ തുടർച്ചയായ പ്രതിഷേധങ്ങളെ തുടർന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനം ഈ തീരുമാനം എടുത്തത്. റിപ്പോർട്ട് അനുസരിച്ച്, ഏകദേശം 200 ജൈന സന്യാസിമാരാണ് നിരാഹാര സമരം നടത്തിയത്. 250 കശാപ്പ് കടകൾ അടച്ചുപൂട്ടണമെന്ന് അവർ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭരണകൂടത്തിന് മാംസാഹാരത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തേണ്ടിവന്നു.
എന്നാൽ, നോൺ വെജ് ഭക്ഷണ നിരോധനം നഗരത്തിൽ നല്ല ഭക്ഷണത്തിന് ക്ഷാമം ഉണ്ടാക്കിയിട്ടില്ല. ഒരു പ്രധാന ജൈന തീർത്ഥാടന കേന്ദ്രമാണ് പാലിത്താന, കൂടാതെ രുചിയുള്ള വൈവിധ്യമാർന്ന സസ്യാഹാര വിഭവങ്ങളും ഇവിടെ ഉണ്ട്. നഗരത്തിലെ നോൺ-വെജ് ഭക്ഷണത്തിനുള്ള നിരോധനം അതിന്റെ വിശുദ്ധി നിലനിർത്തുകയും സന്ദർശകർക്കായി കൂടുതൽ വെജിറ്റേറിയൻ റെസ്റ്റോറന്റുകൾ വരുന്നതിനും കാരണമായി.
ഇതിനെല്ലാം പുറമെ ജൈന മൂല്യങ്ങൾക്കും സാംസ്കാരിക ചരിത്രത്തിനും പേരുകേട്ട ഇന്ത്യയിലെ പ്രശസ്തമായ നഗരമാണ് പാലിത്താന. 800-ലധികം ജൈനക്ഷേത്രങ്ങളുള്ള ശത്രുഞ്ജയ മലനിരകളുടെ ആസ്ഥാനമായ ജൈനമതക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.