Good News

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചിത്രകാരന്‍; ഒന്നാം വയസ്സില്‍ ലോക റെക്കോര്‍ഡ് നേടി നാനാ

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടുകയെന്നത് ഒരിക്കലും ഒരു ചില്ലറ കാര്യമല്ല. എന്നാല്‍ ഘാനയിലെ ലയം നാനാ സാം അന്‍ക്രയ ഈ നേട്ടം സ്വന്തമാക്കിയത് തന്റെ ഒന്നാം വയസ്സിലാണ്.നാന സ്വന്തമാക്കിയത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആണ്‍ചിത്രകാരനെന്ന അപൂര്‍വ്വ നേട്ടമാണ്. ഈ അപൂര്‍വ്വമായ നേട്ടം സ്വന്തമാക്കിയത് കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു.

അക്രയിലെ സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയത്തില്‍ നടത്തിയ പ്രൊഫഷണല്‍ എക്‌സിബിഷനിഷ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശിപ്പിച്ച 10 ചിത്രങ്ങളില്‍ ഒമ്പതും വിറ്റുപോയി. പ്രദര്‍ശനം കാണാനെത്തിയ ഘാനയിലെ പ്രഥമ വനിതയാണ് ചിത്രം വാങ്ങിയവരിലൊരാള്‍. വരുന്ന ജൂലൈയില്‍ രണ്ട് വയസ്സ് തികയാന്‍ പോകുന്നതിന് മുമ്പ് നാനയുടെ 15 ചിത്രങ്ങള്‍ വിറ്റ് കഴിഞ്ഞു.മകന്റെ ചിത്രകലയിലെ താല്‍പര്യം ആദ്യം തിരിച്ചറിയുന്നത് കുട്ടിയുടെ അമ്മയായിരുന്നു.ഇഴയുന്ന പ്രായമായപ്പോള്‍ തന്നെ അവന്‍ പെയിന്റിങ് ബ്രഷ് കയ്യിലെടുത്ത് തുടങ്ങിയിരുന്നു. കൈയില്‍ പെയിന്റ് പറ്റുന്നത് നാനയ്ക്ക് വലിയ ഇഷ്ടമാണെന്നും അമ്മ പറയുന്നു.

എന്തെങ്കിലും സന്ദേശമൊന്നും നല്‍കുന്നതല്ല അവന്റെ ചിത്രങ്ങള്‍. പകരം അവനെന്ത് അനുഭവപ്പെടുന്നുവെന്നതാണ് അവന്‍ വരയ്ക്കുന്നത്. ക്യാന്‍വാസിന്റെ വലിപ്പവും നിറങ്ങളുമെല്ലാം അവന്‍ തന്നെയാണ് തീരുമാനിക്കുന്നത്. തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അതിസൂക്ഷ്മമായി വരച്ച് തുടങ്ങുകയാണ് പതിവ്. കുടുംബത്തിന്റെ ലക്ഷ്യം മകന് നല്ല വിദ്യാഭ്യാസം നല്കി അവന്റെ കഴിവുകളെ പരിപോഷിപ്പിക്കുകയാണ്.