സിനിമയുടെ വിജയങ്ങള്‍ തലയ്ക്കുപിടിക്കാറുള്ള നടന്മാരാണ് ഏറിയകൂറും. എന്നാല്‍ തുടര്‍ച്ചയായി സിനിമകള്‍ ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ചാലും അതൊന്നും തലയ്ക്ക് പിടിക്കാത്ത ഒരു സൂപ്പര്‍താരമുണ്ട്. തുടര്‍ച്ചയായി വിജയ സിനിമകള്‍ ചെയ്യുന്നതിന് ഇടയില്‍ പെട്ടെന്ന് അഭിനയം നിര്‍ത്തി ഇടവേളകള്‍ ഉണ്ടാക്കി തനിക്കിഷ്ടപ്പെട്ട വിനോദങ്ങളില്‍ ഏര്‍പ്പെട്ട ശേഷം വീണ്ടും സിനിമയിലേക്ക് ഈ താരം മടങ്ങിയെത്തും.
ഒരുപടം ഹിറ്റായി കഴിഞ്ഞാല്‍ തുടര്‍ച്ചയായി സിനിമ ചെയ്യുക എന്ന പരമ്പരാഗത രീതികളെ ധിക്കരിച്ച് സിനിമയുടെ സ്റ്റാര്‍ഡത്തിനപ്പുറത്ത് കായികരംഗത്തും ഒരു കരിയറിനായി ശ്രമിക്കുകയും പിന്നീട് ഒന്നും സംഭവിക്കാത്തപോലെ തിരികെ വന്ന് വീണ്ടും സിനിമയില്‍ അഭിനയിക്കുകയും ചെയ്യുന്നത് മറ്റാരുമല്ല. തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍താരം തല അജിത്താണ്. സിനിമയില്‍ തുടര്‍ വിജയം നേടിയ അദ്ദേഹം ഇടയ്ക്ക് വെച്ച് അഭിനയം നിര്‍ത്തി തനിക്കേറ്റവും ഇഷ്ടപ്പെട്ട മോട്ടോര്‍ സ്‌പോര്‍ട്‌സിലെ കരിയറിന് പിന്നാലെയും പാഞ്ഞയാളാണ്.
തന്റെ 30-കളില്‍ ഉയര്‍ന്ന സൂപ്പര്‍സ്റ്റാര്‍ഡം നേടിയിട്ടുള്ള താരം കായികരംഗത്തെ ഒരു കരിയറിനായി സിനിമയെ ഉപേക്ഷിക്കുകയും പിന്നീട് ഒന്നും സംഭവിക്കാത്തതുപോലെ മടങ്ങി വന്ന് സിനിമകള്‍ പുനരാരംഭിക്കുകയും ചെയ്തു. വളരെ ചെറിയ പ്രായത്തില്‍ തമിഴ് സിനിമാ വേദിയില്‍ എത്തിയ അജിത് 30 കളില്‍ വന്‍ ഹിറ്റുകളുടെ ഭാഗമായി സൂപ്പര്‍താരമായി. കാതല്‍ കോട്ടൈ (1996) എന്ന ചിത്രത്തിലൂടെ നായകനായി സ്വയം ഉറപ്പിച്ച അദ്ദേഹം വാലി, സിറ്റിസണ്‍ തുടങ്ങി അനേകം ഹിറ്റുകളിലും പങ്കാളികളായി. ഇതിനിടയില്‍ പെട്ടെന്ന് സിനിമാവേദിയില്‍ നിന്നും അപ്രത്യക്ഷനായ അജിത്തിനെ പിന്നീട് കണ്ടത് 2002-ല്‍ ഫോര്‍മുല മാരുതി ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ്.
ഫോര്‍മുല ബിഎംഡബ്ല്യു ഏഷ്യ ചാമ്പ്യന്‍ഷിപ്പിലും താരം മത്സരിച്ചു. 2010 ലാണ് റേസിംഗ് കൂടുതല്‍ ഗൗരവമായി എടുക്കാന്‍ തീരുമാനിച്ചത്. തന്റെ അഭിവൃദ്ധി പ്രാപിച്ച അഭിനയ ജീവിതം താല്‍ക്കാലികമായി നിര്‍ത്തി, അജിത്ത് ഫോര്‍മുല ടു ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. ഇതിനായി താരം 11 കിലോ ഭാരമാണ് കുറച്ചത്. പിന്നാലെ ഒന്നും സംഭവിക്കാത്തത് പോലെ 2011-ല്‍ അജിത്ത് പെട്ടെന്ന് സിനിമയിലേക്ക് മടങ്ങി.
വേതാളം, വാലിമൈ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വലിയ ഹിറ്റുകളായിരുന്നു. പത്തുവര്‍ഷം കഴിഞ്ഞ് ഇതുപോലെ വീണ്ടും ഇടയ്ക്ക് താരം മുങ്ങി. 2022 ല്‍, തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ മത്സരാര്‍ത്ഥിയായിട്ടാണ് താരത്തെ പിന്നീട് കണ്ടത്. അവിടെ നാല് സ്വര്‍ണ്ണവും രണ്ട് വെങ്കലവും നേടി. അതിന് ശേഷം തുനിവ് എന്ന തന്റെ അടുത്ത ചിത്രം പൂര്‍ത്തിയാക്കാന്‍ താരം തിരിച്ചെത്തി.
സിനിമയുടെ റിലീസിന് ശേഷം വീണ്ടും മുങ്ങിയ അജിത്തിനെ പിന്നെ കണ്ടത് ക്രോസ്-കണ്‍ട്രി ബൈക്കിംഗ് നടത്താന്‍ ഇടവേള എടുത്ത നിലയിലാണ്. വീണ്ടും വന്ന താരം 2024 ല്‍ റിലീസ് ചെയ്യാനിരിക്കുന്ന മഗിഴ് തിരുമേനി, വിട മുയാര്‍ച്ചിയിലാണ് അടുത്തതായി അഭിനയിക്കുന്നത്.