പീത്‍സ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ പല രുചികളും ഓടിയെത്തും. എന്നാല്‍ ഈ പീത്‍സ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഭവമാണ്. ഇറ്റലിയുടെ പൈതൃക ഇടത്തില്‍പെടുത്താനായി സാധിക്കുന്ന പീത്‍സകളുമുണ്ട്. അവയില്‍ ഒന്നാണ് നിയാപൊളിറ്റന്‍ പിത്സ.
നേപ്പിള്‍സില്‍ തയാറാക്കുന്ന വൃത്താകൃതിയിലുള്ള പീത്‍സയുടെ പതിപ്പാണ് നിയാപൊളിറ്റന്‍ പീത്‍സ. വെസൂവിയസ് പര്‍വതത്തിന്റെ തെക്ക് അഗ്‌നിപര്‍വത സമതലങ്ങളില്‍ വളരുന്ന തക്കാളിയും പരമ്പരഗതമായ ഉണ്ടാക്കുന്ന മൊസറെല്ല ഡി ബുഫല കാമ്പാന അല്ലെങ്കില്‍ ഡി ലാറ്റെ ഡി അഗെറോള എന്നീ വിഭവങ്ങളില്‍പ്പെട്ട ചിസുകളുമെല്ലാം ചേര്‍ത്താണ് ഈ പീത്‍സ നിര്‍മിക്കുന്നത്. എന്നാല്‍ ഇതില്‍ ഇറച്ചി പച്ചക്കറികള്‍ മഷ്രൂം മുതലായ ടോപ്പിങ്ങുകള്‍ ഉണ്ടാവില്ല.
18ാംനൂറ്റാണ്ടിലാണ് ഈ പീത്‍സയുടെ ആരംഭം. പല തരത്തിലുള്ള റൊട്ടികളായിരുന്നു അവിടെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രധാനപ്പെട്ട ഭക്ഷണം. അവയില്‍ ഒന്നായിരുന്നു നിയാപൊളിറ്റന്‍ പീത്‍സ. വേഗത്തില്‍ നിര്‍മിക്കാമെന്നത് ഇതിന് ജനിപ്രീതി നല്‍കി. പിന്നീട് തക്കാളി കൂടി ചേര്‍ന്നതോടെ നിയാപൊളിറ്റന്‍ പീത്‍സയ്ക്ക് ഇന്നുള്ള രൂപം ലഭിച്ചു.
1889ല്‍ സോവയിയിലെ മാര്‍ഗരിറ്റ രാജ്ഞി നേപ്പില്‍സ് സന്ദര്‍ശിച്ചു. ഷെഫ് റാഫേല്‍ ഒരു പ്രത്യേകം പീത്‍സ തയ്യാറാക്കി നല്‍കി. ഇറ്റാലിയന്‍ പതാകയുടെ നിറത്തില്‍ തക്കാളി മൊസറെല്ല, തുളസി എന്നിങ്ങനെ ചേരുവകള്‍ അതില്‍ ഉപയോഗിച്ചു. രാജ്ഞി വളരെ അധികം സന്തുഷ്ടയായി അങ്ങനെ പീത്‍സ മാര്‍ഗരിറ്റ ഇറ്റാലിയന്‍ പാചക ചാതുര്യത്തിന്റെ പ്രതീകമായി മാറി.
മാരിനാര എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത് കടലില്‍ നിന്നും മടങ്ങിയെത്തുന്ന മത്സ്യതൊഴിലാളിയാണ്. എന്നാല്‍ കടല്‍ വിഭവം ഉപയോഗിച്ചല്ല പീത്‍സ മാരിനാര ഉണ്ടാക്കുന്നത്. തക്കാളി, വെളുത്തുള്ളി, ഒറിഗാനോ, എക്സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയില്‍ എന്നിവയാണ് പ്രധാന ചേരുവകള്‍. ഇതില്‍ സാധാരണയായി ചീസ് ഉപയോഗിക്കാറില്ല.
നിയാപൊളിറ്റന്‍ പീത്‍സ നേപ്പിള്‍സിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ വ്യക്തിത്വത്തിന്റെ ചിഹ്നമാണ്.’ഇന്‍ടാന്‍ജിബിള്‍ കള്‍ച്ചറല്‍ ഹെറിറ്റേജ്’ പട്ടികയില്‍ ചേര്‍ത്തുകൊണ്ട് യുനെസ്‌കോ നിയാപൊളിറ്റന്‍ പീത്‍സയെ അംഗീകരിച്ചു.
ഈ പീത്‍സയ്ക്ക് മൃദുവായ ഇലാസ്റ്റിക് ഘടനയാണുള്ളത്. വെസൂവിയസ് പര്‍വതത്തിനടുത്തുള്ള അഗ്‌നിപര്‍വ്വത മണ്ണില്‍ വളരുന്ന സാന്‍ മര്‍സാനോ തക്കാളി ഇതിലെ പ്രധാന ഘടകവുമാണ്.വിറക് കത്തിക്കുന്ന ഓവനിലാണ് ഇത് ചുട്ടെടുക്കുന്നത്.