അച്ഛനും അമ്മയ്ക്കും തന്നെക്കാള്‍ സ്നേഹം അനുജനോടാണെന്ന തോന്നലില്‍ അനുജനെ കൊലപ്പെടുത്തി 16കാരന്‍. ഇളയ മകനെ കാണാനില്ലെന്ന പരാതിയിൽ പൊലീസും ബന്ധുക്കളും നാട് മുഴുവന്‍ തിരയുമ്പോഴും ആര്‍ക്കും സംശയം തോന്നാതെ നിന്ന കൗമാരക്കാരന്‍ പിടിയിലായത് അമ്മയുടെ സംശയത്തിന് പിന്നാലെ. ഒഡീഷയിലെ ബാലൻഗീറിലെ തിത്തിലാഗഡിലാണ് ഈ സംഭവം നടന്നത്. ഒന്നര മാസത്തോളം കേസുമായി ബന്ധപ്പെട്ട് പോലീസിന് യാതൊരു തുമ്പും ലഭിച്ചിരുന്നില്ല.
ജൂൺ 29-ന് കൂലിപ്പണിക്കാരായ മാതാപിതാക്കൾ ഇളയമകനെ കാണാനില്ലെന്ന് ടൈറ്റ്‌ലഗഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടക്കത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് പോലീസ് സംശയിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.
എന്നാൽ, പോലീസ് ചോദ്യം ചെയ്യലിനിടെ അമ്മ നൽകിയ ഒരു സൂചനയാണ് കേസിൽ വഴിത്തിരിവായത്. ജൂൺ 28-ന് വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോൾ മൂത്തമകൻ തറ കഴുകുന്നത് കണ്ടുവെന്ന് അമ്മ പോലീസിനോട് പറഞ്ഞു. ഇത് സാധാരണ ചെയ്യാത്ത കാര്യമായതുകൊണ്ട് അമ്മയ്ക്ക് സംശയം തോന്നി. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മൂത്തമകൻ കുറ്റം സമ്മതിച്ചു.
അനുജനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം രക്തം തുടച്ചുമാറ്റാനാണ് 16-കാരൻ തറ കഴുകിയത്. തുടർന്ന് മൺവെട്ടി ഉപയോഗിച്ച് വീടിനുള്ളിൽ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്തു. പിന്നീട് പിടിക്കപ്പെടുമെന്ന് ഭയന്ന് അതേ രാത്രി തന്നെ മൃതദേഹം വീടിനടുത്തുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റി. മാതാപിതാക്കൾക്ക് അനുജനോടാണ് കൂടുതൽ സ്നേഹമെന്ന് തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്ന് 16-കാരൻ പോലീസിനോട് പറഞ്ഞു.




