ന്യൂഡല്‍ഹി: ഏറ്റവും ധനികയായ ഇന്ത്യന്‍ പ്രഫഷണല്‍ മാനേജര്‍ എന്ന പദവി ജയശ്രീ ഉല്ലാളിന്. 50,170 കോടി രൂപയുടെ ആസ്തിയുമായാണ് അവര്‍ ഒന്നാമതെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യ കമ്പനികളെ നയിക്കുന്ന സത്യ നാദെല്ല(മൈക്രോസോഫ്റ്റ് സി.ഇ.ഒ), സുന്ദര്‍ പിച്ചായ്(ഗൂഗിള്‍ സി.ഇ.ഒ.) എന്നിവരെയാണ് അവര്‍ പിന്നിലാക്കിയത്. ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് കമ്പനികളെ നയിച്ചിട്ടും, നാദെല്ലയോ പിച്ചായിയോ ഇന്ത്യന്‍ വംശജരായ നേതാക്കളില്‍ ഒന്നാം സ്ഥാനത്ത് എത്തിയില്ല.
ജയശ്രീ അറിസ്റ്റ നെറ്റ്‌വര്‍ക്ക്‌സിന്റെ പ്രസിഡന്റും സി.ഇ.ഒയുമാണ്. മൈക്രോസോഫ്റ്റ് സി.ഇ.ഒയായ നാദെല്ല 9,770 കോടി രൂപയുമായി തൊട്ടുപിന്നിലുണ്ട്. ഗൂഗിളിന്റെ പിച്ചായ്‌യുടെ ആസ്തി 5,810 കോടി രൂപയാണ്. അദ്ദേഹം പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
2008 മുതല്‍ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിങ് കമ്പനിയായ അറിസ്റ്റ നെറ്റ്‌വര്‍ക്ക്‌സിനെ ജയശ്രീ നയിക്കുന്നു. ഫോര്‍ബ്‌സ് കണക്ക് അനുസരിച്ച് അവരുടെ നേതൃത്വത്തിലുള്ള ഈ സ്ഥാപനത്തിന്റെ 2024 ലെ വരുമാനം 700 കോടി ഡോളറായിരുന്നു. (ഏകദേശം 62,836 കോടി രൂപ). ഇതു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം 20 ശതമാനം വര്‍ധനയാണ്.അറിസ്റ്റയുടെ ഓഹരിയുടെ ഏകദേശം മൂന്ന് ശതമാനം ജയശ്രീക്ക് സ്വന്തമായുണ്ട്, ഇതിന്റെ ഒരു ഭാഗം അവരുടെ രണ്ട് കുട്ടികള്‍ക്കും സഹോദരപുത്രനും സഹോദരിപുത്രിക്കും വേണ്ടിയുള്ളതാണ്.
1961 മാര്‍ച്ച് 27ന് ലണ്ടനില്‍ ഒരു ഹൈന്ദവ ഇന്ത്യന്‍ കുടുംബത്തിലാണ് ജയശ്രീ ജനിച്ചത്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, അഞ്ചാം വയസില്‍ അവര്‍ ഇന്ത്യയിലേക്ക് താമസം മാറ്റി. പിന്നീട് സാന്‍ ഫ്രാന്‍സിസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. തുടര്‍ന്ന് 1986ല്‍ സാന്താ ക്ലാര യൂണിവേഴ്‌സിറ്റിയില്‍നിന്ന് എന്‍ജിനീയറിങ് മാനേജ്‌മെന്റില്‍ എം.എസ്. ബിരുദം നേടി. ഈ രംഗത്തെ സംഭാവനകള്‍ക്ക് അംഗീകാരമായി 2025ല്‍ അവര്‍ക്ക് എന്‍ജിനീയറിങ്ങില്‍ ഓണററി ഡോക്ടറേറ്റ് ലഭിച്ചു.
2008ലാണ് അറിസ്റ്റ നെറ്റ്‌വര്‍ക്ക്‌സില്‍ ചേര്‍ന്നത്. അന്ന്, കമ്പനിയില്‍ 30ല്‍ താഴെ ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാലക്രമേണ, ക്ലൗഡ് നെറ്റ്‌വര്‍ക്കിങ് രംഗത്തെ പ്രധാന സ്ഥാപനമായി അറിസ്റ്റ മാറി.




