Oddly News

ലോലഹൃദയര്‍ ഒന്ന് സൂക്ഷിക്കണേ! ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രേത പാവകള്‍ ഇവരാണ്

കുഞ്ഞുങ്ങളുടെ ഏറ്റവും വലിയ കൂട്ടുകാരാണ് പാവകള്‍. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇവ കുട്ടികളുടെ വിനോദത്തിന്റെ ഭാഗമായി നിലകൊള്ളുന്നു. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നിര്‍മ്മിക്കപ്പെടുന്നതുകൊണ്ട് തന്നെ മനുഷ്യനെ ആകര്‍ഷിക്കാനും എന്റര്‍ടെയ്ന്‍ ചെയ്യിക്കാനും ഇവയ്ക്ക് പ്രത്യേക കഴിവാണ്.

അതേസമയം നമ്മെ പേടിപ്പെടുത്തുന്ന പാവകളുമുണ്ട്. കാരണം നിര്‍ജ്ജീവമാണെങ്കിലും ചില പാവകളുടെ തുറിച്ചുനോട്ടവും മനുഷ്യസമാനമായ ശരീരഘടനയും ഒക്കെ കുഞ്ഞുങ്ങളിലും മുതിര്‍ന്നവരിലും ഭയം ജനിപ്പിച്ചെന്നുവരാം. മാത്രമല്ല നാം കണ്ടിട്ടുള്ള അനേകം പാരനോര്‍മല്‍ സിനിമകളില്‍ പാവകള്‍ പ്രേതബാധയുള്ളവരായി അവതരിക്കപ്പെട്ടിട്ടുമുണ്ട്. ഇത്തരത്തില്‍ ആഗോളതലത്തില്‍ പ്രശസ്തി നേടിയ ഏറ്റവും പ്രേതബാധയുള്ള ചില പാവകളെ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ഒകികു

ഒകികുവിന്റെ കഥ തുടങ്ങുന്നത് 1918-ല്‍ ജപ്പാനിലാണ്. തന്റെ കുഞ്ഞനിയത്തിക്ക് സമ്മാനമായി നല്‍കാന്‍ ഒരു യുവാവാണ് ഈ പാവയെ ആദ്യമായി വാങ്ങുന്നത്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പാവയെ സമ്മാനിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ആ പെണ്‍കുട്ടി, ഗുരുതരമായ പനി ബാധിച്ച് മരണപ്പെട്ടു. അങ്ങനെ കുടുംബം പെണ്‍കുട്ടിയുടെ ഓര്‍മ്മയ്ക്കായി ഒരു ദേവാലയം സൃഷ്ടിക്കുകയും അതിന് മുന്നിലായി ഈ പാവയെ പ്രദര്‍ശനത്തിന് വയ്ക്കുകയും ചെയ്തു.

കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ പാവയുടെ മുടി വളര്‍ന്നിരിക്കുന്നതായി കുടുബം ശ്രദ്ധിച്ചു. തുടക്കത്തില്‍, ഒരു ബോബ് ഹെയര്‍ കട്ടായിരുന്നു പാവയ്ക്ക്. എന്നാല്‍ നാളുകള്‍ കഴിഞ്ഞപ്പോള്‍ മുടി തോളോളം വളര്‍ന്നു. അങ്ങനെ 1938-ല്‍ കുടുംബം താമസം മാറിയപ്പോള്‍, അവര്‍ പാവയെ ഹോക്കൈഡോയിലെ മെനെന്‍ജി ക്ഷേത്രത്തിന്റെ സംരക്ഷണയില്‍ ഏല്‍പ്പിച്ചു. ഇന്നുവരെ, ഇവിടുത്തെ പരിചാരകര്‍ ഒകിക്കുവിനെയും അവളുടെ ഇപ്പോഴും വളരുന്ന മുടിയെയും പരിപാലിക്കുന്നത് തുടരുന്നു.

അന്നബെല്ലെ

ദി കണ്‍ജറിംഗ്, അന്നബെല്‍ എന്നീ ഹോളിവുഡ് ഹൊറര്‍ ചിത്രങ്ങളുടെ റിലീസിന് ശേഷം ഏറെ ജനപ്രീതി ലഭിച്ച പാവയാണ് അന്നബെല്ല. എന്നാല്‍ പലര്‍ക്കും അറിയില്ല, 1970-കളില്‍ സ്വയം പേരെടുത്ത ഒരു റാഗ്ഗെഡി ആന്‍ പാവയാണ് യഥാര്‍ത്ഥ അന്നബെല്ലെ എന്നുള്ളത്. ഡോണ എന്നുപേരുള്ള ഒരു നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്കാണ് തന്റെ അമ്മ വഴി ആദ്യമായി അന്നബെല്ലയെ കിട്ടിയത്.

എന്നാല്‍ ഒരിക്കല്‍ ഡോണയും അവളുടെ റൂംമേറ്റ് ആന്‍ജിയും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പാവയുടെ സ്ഥാനം മാറിയിരിക്കുന്നതായി കണ്ടു. ചിലപ്പോള്‍, അവള്‍ മുറികള്‍ പോലും മാറുമായിരുന്നു. ചില സമയങ്ങളില്‍, സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് കൈകൊണ്ട് എഴുതിയ ചില കുറിപ്പുകളും അവര്‍ അന്നബെല്ലയുടെ പക്കല്‍ നിന്ന് കണ്ടെത്തി.

റോബര്‍ട്ട് ദ ഡോള്‍

1900 കളുടെ തുടക്കത്തില്‍ ഫ്‌ലോറിഡയിലെ ഓട്ടോ കുടുംബത്തിലെ ഇളയ മകന്‍ റോബര്‍ട്ട് യൂജിന്‍ ഓട്ടോയ്ക്ക് സമ്മാനമായി വന്ന പാവയാണ് റോബര്‍ട്ട് ദ ഡോള്‍. നാളുകള്‍ കഴിഞ്ഞപ്പോള്‍ ഈ ആണ്‍കുട്ടി പാവയുമായി വളരെയധികം അടുത്തു. എന്നാല്‍ കുടുംബം പറയുന്നതനുസരിച്ച്, പാവ പലപ്പോഴും സ്ഥാനം മാറിയിരിക്കാറുണ്ടായിരുന്നു എന്നാണ്.

മാത്രമല്ല മകന്‍ തന്റെ മുറിയില്‍ തനിച്ചായിരിക്കുമ്പോള്‍, പാവയുമായി സംസാരിക്കുന്നത് തങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നുവെന്നും പാവ തികച്ചും വ്യത്യസ്തമായ ശബ്ദത്തിലാണ് പ്രതികരിച്ചതെന്നും അവര്‍ അവകാശപ്പെട്ടു. 1974-ല്‍ യൂജിന്റെ മരണശേഷം റോബര്‍ട്ടിനെ ഈസ്റ്റ് മാര്‍ട്ടെല്ലോ മ്യൂസിയത്തിന് നല്‍കി.

ലെറ്റ

200 വര്‍ഷം പഴക്കമുള്ള മനുഷ്യരോമമുള്ള തടിപ്പാവയാണിത്. ഓസ്ട്രേലിയയിലെ വാഗ വാഗയിലെ ഒരു വീടിനടിയില്‍ പാവയുടെ ഇപ്പോഴത്തെ സൂക്ഷിപ്പുകാരനായ കെറി വാള്‍ട്ടണ്‍ ആണ് പാവയെ ആദ്യമായി കണ്ടെത്തിയത്. വാര്‍വിക്ക് ഡെയ്ലി ന്യൂസിനോട് സംസാരിക്കവേ, വാള്‍ട്ടണ്‍ പറഞ്ഞത്, ‘പാവ രാത്രിയില്‍ പലപ്പോഴും നടക്കാറുണ്ട്, എന്റെ ജീവിത്തില്‍ ഇത്രയും വിചിത്രമായ കാര്യങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല’ എന്നാണ്.

ലില്ലി

1800-കളില്‍ ജര്‍മ്മനിയിലാണ് ഈ പാവ നിര്‍മ്മിച്ചത്. ഈ പാവയ്ക്ക് യഥാര്‍ത്ഥ മനുഷ്യ മുടിയാണുള്ളത്. ഗോസ്റ്റ് അഡ്വഞ്ചേഴ്സിന്റെ ഹോണ്ടഡ് മ്യൂസിയത്തിലെ സാക് ബഗാന്‍സിലാണ് പാവ ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. മ്യൂസിയത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതനുസരിച്ച്, ഒരു പുരാവസ്തു ഡീലറാണ് അവളെ ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹം അവളെ വീട്ടിലേക്ക് കൊണ്ടുപോയി.

എന്നാല്‍ പാവയെ വീട്ടില്‍ കൊണ്ടുവന്നതുമുതല്‍ , ‘വളരെ മോശമായ ഒരു അപകടത്തില്‍പ്പെട്ട ഒരു ചെറിയ പെണ്‍കുട്ടിയെ’ കുറിച്ച് ആവര്‍ത്തിച്ച് അദ്ദേഹം പേടിസ്വപ്നങ്ങള്‍ കണ്ടുതുടങ്ങി. തുടര്‍ന്ന് അവളെ പുരാതനവസ്തു കടയിലേക്ക് വില്‍ക്കാന്‍ തീരുമാനിച്ചു. ഒരിക്കല്‍ കടയില്‍ എത്തിയ ഒരു ഉപഭോക്താവിന്റെ കൊച്ചു പെണ്‍കുട്ടി പാവയുമായി 3 മണിക്കൂര്‍ സംസാരിച്ചതായും ഒരു കൂട്ടികാരിയെപ്പോലെ ഇടപെട്ടു എന്നുമാണ് പറയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *