Healthy Food

ഏത്തപ്പഴം കറുത്ത് പോയെന്ന പരാതി വേണ്ട; ഫ്രെഷായി ഇരിക്കാന്‍ ഇങ്ങനെ ചെയ്യൂ

ശരീരത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഏത്തപ്പഴം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള പല സ്നാക്ക്സും ഇത് ഉപയോഗിച്ച് ഉണ്ടാക്കാം. എന്നാല്‍ ഒരുപാട് ഏത്തപ്പഴം വാങ്ങിയാല്‍ വേഗം തന്നെ കറുത്തും പോകും . ഏത്തപ്പഴം മാത്രമല്ല, ഞാലിപ്പൂവനും, റോബസ്റ്റയുമൊക്കെ പെട്ടെന്ന് ചീത്തയായി പോകാറുണ്ട്. ഇനി പഴം ഫ്രഷായി തന്നെ വയ്ക്കാനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

പഴം വാങ്ങിയാല്‍ ഉടന്‍ തന്നെ തുറസായ സ്ഥലത്ത് വെയ്ക്കുക. ഫ്രിഡ്ജില്‍ വയ്ക്കേണ്ട, ആവശ്യമാണെങ്കില്‍ പഴം ചെറുതായി നുറുക്കി ഫ്രീസ് ചെയ്ത് വയ്ക്കാവുന്നതാണ്. സ്മൂത്തി തയാറാക്കുമ്പോള്‍ ഫ്രീസറില്‍ വച്ച പഴം എടുക്കാം. അധികം പഴുത്തു പോകുമെന്ന ടെന്‍ഷനും ആവശ്യമില്ല. ഫ്രീസ് ചെയ്ത പഴം ബെനാനാ ബ്രെഡ് ഉണ്ടാക്കാനും നല്ലതാണ്.

നേരിട്ട് വായുസഞ്ചാരമുള്ള സ്ഥലത്ത് പഴം സൂക്ഷിക്കുക, വാഴപ്പഴം സ്വാഭാവികമായും എഥിലീന്‍ വാതകം പുറത്തുവിടുന്നു. ഇത് പഴുക്കാനായി സഹായിക്കുന്നു. വേഗത്തില്‍ പാകമാകുന്ന പഴങ്ങള്‍ മറ്റ് പഴങ്ങളോടൊപ്പം വയ്ക്കുന്നത് ഒഴിവാക്കാം. വാഴപ്പഴത്തിന്റെ തണ്ട് പ്ലാസ്റ്റിക് റാപ് ഉപയോഗിച്ച് പൊതിയുകയോ വായുസഞ്ചാരമുള്ള പ്ലാസ്റ്റിക് ബാഗില്‍ വയ്ക്കുകയോ ചെയ്യാം. പെട്ടെന്ന് പഴുത്ത് പോകാതിരിക്കാനായി സഹായിക്കും.

ഒരേ കുലയില്‍ത്തന്നെ പാകമായതും അല്ലാത്തതുമായ പഴങ്ങള്‍ കാണും. പഴുത്ത പഴങ്ങള്‍ കുലയില്‍ നിന്നും വേര്‍പെടുത്തി വയ്ക്കണം. ഇല്ലെങ്കില്‍ മറ്റുള്ളവയും പാകമാകുന്ന പ്രക്രിയ വേഗത്തിലാക്കും.

പഴക്കടകളില്‍ കച്ചവടക്കാര്‍ വാഴപ്പഴം തൂക്കിയിടുന്നത് നിങ്ങള്‍ ശ്രദ്ധിച്ചുണ്ടാവില്ലേ. ഇതിന് പിന്നിൽ ഒരു കാരണമുണ്ട്. വാഴപ്പഴത്തിന്റെ ഉള്‍ഭാഗം പെട്ടെന്ന് കേടാകാതെ ഇരിക്കാന്‍ ഇത് സഹായിക്കുന്നു. അതുപോലെ പച്ചക്കായ എങ്കില്‍ അവ പെട്ടെന്ന് പാകമാകാനും എളുപ്പമാണ്. നമ്മൾ പഴം വാങ്ങുന്നത് കുലയായിട്ടല്ലെങ്കിലും അത് വീട്ടിലെത്തി കഴിയുമ്പോൾ തൂക്കിയിടാൻ ശ്രമിച്ചുനോക്കൂ.