Health

തലയിലും കഴുത്തിലും ഉണ്ടാകുന്ന അർബുദം 10 വർഷം മുമ്പേ കണ്ടെത്താനാകും ! പുതിയ രക്തപരിശോധന

വാഷിങ്‌ടണ്‍: തലയിലും കഴുത്തിലുമുണ്ടാകുന്ന കാന്‍സര്‍, ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന്‌ കണ്ടെത്താന്‍ കഴിയുന്ന രക്‌തപരിശോധനാ മാര്‍ഗവുമായി ഗവേഷകര്‍. സാധാരണ രീതിയില്‍ രോഗം കണ്ടെത്തുന്നതിനു 10 വര്‍ഷം മുമ്പ്‌ തന്നെ സാധ്യത അറിയാന്‍ കഴിയുമെന്നു ഗവേഷകര്‍. ഹാര്‍വാര്‍ഡ്‌ സര്‍വകലാശാലയുടെ മാസ്‌ ജനറല്‍ ബ്രിഗാമിലെ ഗവേഷകരാണു പുതിയ പരിശോധനാ രീതി വികസിപ്പിച്ചെടുത്തത്‌.

യു.എസിലെ തല – കഴുത്ത്‌ അര്‍ബുദങ്ങളില്‍ ഏകദേശം 70 ശതമാനത്തിനും കാരണം ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ (എച്ച്‌.പി.വി.) ആണെന്നാണു പഠനം ഫലം. അത്‌ വൈറസ്‌ മൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ അര്‍ബുദമാണ്‌. പക്ഷേ, എച്ച്‌.പി.വി.യുമായി ബന്ധപ്പെട്ട അര്‍ബുദങ്ങള്‍ക്ക്‌ നിലവില്‍ സാധ്യതാ പരിശോധന ലഭ്യമല്ല.ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി, ലക്ഷണങ്ങള്‍ വികസിക്കുന്നതിന്‌ മുമ്പ്‌ എച്ച്‌.പി.വി. ബന്ധിതമായ അര്‍ബുദങ്ങളെ നേരത്തെ കണ്ടെത്താന്‍ കഴിയുന്ന പുതിയ ലിക്വിഡ്‌ ബയോപ്‌സി പരിശോധനയാണു ഗവേഷകര്‍ വികസിപ്പിച്ചത്‌.

ലക്ഷണങ്ങളില്ലാത്ത വ്യക്‌തികളില്‍, രോഗം നിര്‍ണയിക്കുന്നതിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പേ എച്ച്‌.പി.വി.യുമായി ബന്ധപ്പെട്ട അര്‍ബുദങ്ങളെ കൃത്യമായി കണ്ടെത്താന്‍ കഴിയുമെന്നു ഹാര്‍വാര്‍ഡ്‌ മെഡിക്കല്‍ സ്‌കൂളിലെ ഓട്ടോലാറിംഗോളജിഹെഡ്‌ ആന്‍ഡ്‌ നെക്ക്‌ സര്‍ജറി അസിസ്‌റ്റന്റ്‌ പ്രഫസര്‍ ഡാനിയല്‍ എല്‍ ഫേദന്‍ പറഞ്ഞു.’രോഗികള്‍ ലക്ഷണങ്ങളുമായി എത്തുമ്പോഴേക്കും വൈകിയിരിക്കും. തുടര്‍ ചികിത്സകള്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. പുതിയ പരിശോധന ഏറ്റവും ആദ്യ ഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയാന്‍ സഹായിക്കും.

ഈ പഠനത്തിനായി, ഗവേഷകര്‍ 56 സാമ്പിളുകള്‍ പരിശോധിച്ചു. പിന്നീട്‌ അര്‍ബുദം ബാധിച്ച 28 വ്യക്‌തികളില്‍നിന്നും ആരോഗ്യവാന്മാരായ 28 പേരില്‍നിന്നുമാണ്‌ സാമ്പിളുകള്‍ ശേഖരിച്ചത്‌. പിന്നീട്‌ അര്‍ബുദം ബാധിച്ച 28 രോഗികളുടെ രക്‌ത സാമ്പിളുകളില്‍ 22 എണ്ണത്തില്‍ എച്ച്‌.പി.വി. ട്യൂമര്‍ ഡി.എന്‍.എ. കണ്ടെത്താന്‍ കഴിഞ്ഞു. അതേസമയം, ആരോഗ്യവാന്മാരായവരുടെ സാമ്പിളുകള്‍ അവയുടെ സാന്നിധ്യം ഇല്ലായിരുന്നു. ഇത്‌ ടെസ്‌റ്റിന്റെ ഉയര്‍ന്ന ഫലം സൂചിപ്പിക്കുന്നു. രോഗനിര്‍ണയത്തിന്‌ 7- 8 വര്‍ഷം മുന്‍പ്‌ എടുത്ത രക്‌ത സാമ്പിളുകളില്‍ എച്ച്‌.പി.വി. ട്യൂമര്‍ ഡി.എന്‍.എ. സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു.