ജിപിഎസ്സിന്റെയോ ഫോണ്‍ ഡാറ്റയുടെയോ സഹായമില്ലാതെ ഇപ്പോള്‍ നിങ്ങൾ എവിടെയായിരുന്നുവെന്ന് കണ്ടെത്താനായി സാധിക്കുമോ? സ്വീഡനിലെ ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത് കഴിയുമെന്നാണ്. കുറ്റാന്വേഷണ- ഫൊറന്‍സിക് ശാഖയില്‍ നിര്‍ണായകമായേക്കാവുന്ന ഒരു പഠനമാണ് ഗവേഷണ സംഘം അവതരിപ്പിച്ചിരിക്കുന്നത്.ലൊക്കേഷന്‍ ട്രാക്കിങ്ങിനായി മൈക്രോസ്‌കോപിക് ഫിംഗര്‍പ്രിന്റ് ആയി സൂഷ്മാണുക്കളാണ് പ്രവര്‍ത്തിക്കുന്നത്.
ഭൂമിശാസ്ത്രപരമായ ഒരോ സ്ഥലങ്ങളിലും പല സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥയാണുള്ളത്. ഒരു വ്യക്തിയുടെ മൈക്രോബയോമിനെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഗവേഷകരെ ഇത് അനുവദിക്കുന്നു. സാറ്റലൈറ്റ് സിഗ്നല്‍ ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ജിപിഎസില്‍ നിന്നും വ്യത്യസ്തമായി ജിയോഗ്രാഫിക് പോപ്പുലേഷന്‍ സ്ട്രക്ടചര്‍ മോഡലാണ് ഈ എ ഐ അധിഷ്ഠിത സിസ്റ്റം നയിക്കുന്നത്. ഈ മാതൃക ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളുമായി ഇത്തരത്തിലുള്ള സൂക്ഷമജീവികളെ ബന്ധിപ്പിക്കുന്നു.
അത്തരത്തില്‍ ഒരു വ്യക്തിയുടെ ശരീരത്തിലുള്ള സൂക്ഷ്മജീവികളെ അടിസ്ഥാനമാക്കി അടുത്ത കാലത്ത് പോയ സ്ഥലങ്ങള്‍ തിരിച്ചറിയാനായി സാധിക്കുന്നു. mGPS ടൂള്‍ സൃഷ്ടിക്കുന്നതിന്, ലോകമെമ്പാടുമുള്ള വിവിധ പരിസ്ഥിതികളില്‍ നിന്നുള്ള മൈക്രോബയോം സാമ്പിളുകളുടെ വിപുലമായ ഡാറ്റാസെറ്റ് ഉപയോഗിച്ച് എ ഐ മോഡല്‍ പരിശീലിപ്പിക്കപ്പെട്ടു. ലണ്ട് സർവകലാശാലയിലെ ഗവേഷകനായ എറാന്‍ എല്‍ഹൈക്ക് പറയുന്നത് വ്യത്യസ്ത പരിസ്ഥിതികളുമായുള്ള സമ്പര്‍ക്കത്താല്‍ സ്വാധീനിക്കപ്പെടുന്ന മനുഷ്യ മൈക്രോബയോമിന്റെ തുടര്‍ച്ചയായി മാറികൊണ്ടിരിക്കുന്ന സ്വഭാവത്തെ ഈ മാതൃക പ്രയോജനപ്പെടുത്തുന്നുവെന്നാണ്.
മൈക്രോബയോമിലെ സൂക്ഷ്മാണുക്കളെ കണ്ടെത്തുന്നതിലൂടെ, രോഗവ്യാപനം, അണുബാധ ഉറവിടങ്ങള്‍, സൂക്ഷ്മജീവികളുടെ പ്രതിരോധം തുടങ്ങിയ അറിവുകള്‍ നേടാനായി സാധിക്കുമെന്നും എല്‍ഹൈക്ക് വിശദീകരിച്ചു.കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതില്‍ ഇത് പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.