ഇപ്പോൾ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയുടെ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ നിറയെ. ദശലക്ഷ കണക്കിന് ആളുകളാണ് ഓരോ ദിവസവും വിശുദ്ധ സ്നാനത്തിനായി ത്രിവേണി സംഗമത്തിലേക്ക് ഒഴുകിയെത്തുന്നത്. അതുകൊണ്ടുതന്നെ റെയിൽവേ സ്റ്റേഷൻ അടക്കമുള്ള ഇടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇതിനിടയിലാണ് ന്യൂഡൽഹിയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഒരു ദൃശ്യം നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. തിരക്കുപിടിച്ച സ്റ്റേഷനിൽ ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനേയും കൈയിലേന്തി ജനങ്ങളെ നിയന്ത്രിക്കുന്ന ഒരു ആർപിഎഫ് ഉദ്യോഗസ്ഥയുടെ വീഡിയോയാണിത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഈ കൗതുക ദൃശ്യത്തിന് യാത്രക്കാർ സാക്ഷ്യം വഹിച്ചത്. മഹാ കുംഭസ്നാനത്തിന് പോകാനായി ആയിരക്കണക്കിന് ആളുകളാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തടിച്ചുകൂടിയത്. എന്നാൽ അന്നു രാത്രി, കുംഭിലേക്കുള്ള ട്രെയിനിന്റെ പ്ലാറ്റ്‌ഫോം മാറ്റി എന്ന പെട്ടെന്നുള്ള അറിയിപ്പ് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
രാത്രി 9:00 മണിയോടെ, ആളുകൾ ട്രെയിൻ പിടിക്കാൻ പ്ലാറ്റ്ഫോമിലൂടെ ഓടി നീങ്ങിയപ്പോൾ അനിയന്ത്രണമായ തിരക്കായി. അധികാരികൾ ഇടപെട്ടപ്പോഴേക്കും എല്ലാം വൈകിപ്പോയിരുന്നു. തിക്കിലും തിരക്കിലും പെട്ട് -18 ജീവനുകൾ നഷ്ടപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തിന്റെ പശ്ചാത്തലത്തിൽ, റെയിൽവേ ഉദ്യോഗസ്ഥർ കനത്ത ജാഗ്രതയോടെ സ്റ്റേഷനിൽ സുരക്ഷാ നടപടികൾ ശക്തമാക്കി.
ഇതിനിടയിലാണ് വനിതാ ആർപിഎഫ് കോൺസ്റ്റബിൾ തന്റെ രണ്ട് കർത്തവ്യങ്ങൾ ഒരേ സമയം നിർവഹിക്കുന്ന ആ കാഴ്ച്ച കണ്ടത്. – ഒരു ഓഫീസർ എന്ന നിലയിലും അമ്മ എന്ന നിലയിലും ആയിരുന്നു കോൺസ്റ്റബിളിന്റെ ഡ്യൂട്ടി.
ഒരു വയസ്സുള്ള തന്റെ കുഞ്ഞിനെ നെഞ്ചിൽ പൊതിഞ്ഞു പിടിച്ചാണ് കോൺസ്റ്റബിൾ റീന തന്റെ ഡ്യൂട്ടി നിർവഹിച്ചത്. സംഭവത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും സമ്മിശ്ര പ്രതികരണമാണ് അവർ നേരിട്ടത്. ചില നെറ്റിസൺസ് റീനയുടെ സമർപ്പണത്തെ അഭിനന്ദിച്ചപ്പോൾ, മറ്റ് ചിലർ അപകടകരമായ സാഹചര്യത്തിൽ കുഞ്ഞിനെ എടുത്തുനടക്കുന്നതില്‍ വിമർശിച്ചു.
വീഡിയോയ്ക്ക് താഴെ ഒരു എക്സ് ഉപഭോക്താവ് ഇങ്ങനെ കുറിച്ചു “നിർഭാഗ്യവശാൽ, ഒരു അമ്മയും ആർപിഎഫ് കോൺസ്റ്റബിളും എന്ന നിലയിലുള്ള തന്റെ ചുമതലകൾ അവർക്ക് നിറവേറ്റേണ്ടി വരുന്നു. ഏതായാലും അവർക്ക് ശമ്പളം ഉണ്ട്”. പലരും അതൊരു നല്ല കാര്യം എന്ന നിലയിൽ അതിനെ പ്രശംസിക്കുന്നു” എന്നായിരുന്നു.
റീനയെ പ്രശംസിച്ചുകൊണ്ട് മറ്റൊരു ഉപയോക്താവ് എഴുതി, “മാതൃത്വവും കടമയും. ചില ചിത്രങ്ങൾക്ക് വിശദീകരിക്കാൻ വാക്കുകൾ ആവശ്യമില്ല. അവൾക്ക് ഇനിയും ഇതിനുള്ള ശക്തി നേരുന്നു . അവരുടെ സേവനത്തോടുള്ള സമർപ്പണത്തിന് ഒരു ബിഗ് സല്യൂട്ട്.”എന്നാണ്.
ഏതായാലും റെയിൽവേ സ്റ്റേഷനിലെ ദുരന്തത്തില്‍ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. റെയിൽവേ ഡിസിപി കെപിഎസ് മൽഹോത്രയാണ് നിലവിൽ അന്വേഷണ സംഘത്തെ നയിക്കുന്നത്. “ആളുകൾ അനാവശ്യമായി തിരക്കുകൂട്ടിയില്ലെങ്കിൽ, ഇത്തരത്തിൽ ഒരു ദുരന്തം ഉണ്ടാവില്ലായിരുന്നു. അച്ചടക്കത്തോടെയുള്ള പെരുമാറ്റം പാലിച്ചാൽ, ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ നമ്മുക്ക് കഴിയും. എല്ലാവരും തീരുമാനമെടുക്കാൻ കഴിവുള്ളവരാണ്, തിരക്ക് കൂടുന്നു എന്ന് തോന്നുന്നുവെങ്കിൽ, ആ സമയം പിൻവാങ്ങുന്നതാണ് ട്രെയിനിൽ കയറുന്നതിനേക്കാൾ നല്ലത്,” അദ്ദേഹം എഎൻഐയോട് പറഞ്ഞു.