Featured Movie News

രജനീകാന്തും മരുമകനും ഒന്നിക്കുമോ? ജയിലര്‍ 2 വില്‍ ധനുഷിനും വേഷം

വിജയ് യെ നായകനാക്കി ബീസ്റ്റ് പരാജയപ്പെട്ടെങ്കിലും ചരിത്രമെഴുതിയ ജയിലറുമായി നെല്‍സണ്‍ ദിലീപ്കുമാര്‍ തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകരില്‍ പേരെഴുതി ചേര്‍ത്തു. വന്‍ വിജയം നേടിയ ജയിലറിന്റെ രണ്ടാംഭാഗത്തെക്കുറിച്ച് ചിന്തിക്കുകയാണ നെല്‍സണ്‍.

ഇന്ത്യഗ്ലിറ്റ്‌സ് തമിഴില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, രജനികാന്തിന്റെ ചിത്രത്തിലേക്ക് മുന്‍ മരുമകന്‍ ധനുഷിനെ കൊണ്ടുവരാന്‍ നെല്‍സണ്‍ ശ്രമിക്കുന്നുണ്ട്. ചിത്രത്തില്‍ ധനുഷിനായി ഒരു വേഷം തയ്യാറാക്കിയിട്ടുണ്ട്, ഇതിലേക്ക് രജനികാന്തിന്റെ അനുമതി ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. രജനികാന്തും ധനുഷും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നു എന്നത് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്.

അതേസമയം തിരക്ക് പിടിച്ചോടുന്ന ധനുഷ് ‘ജയിലര്‍ 2’ ന്റെ ചിത്രീകരണത്തിനായി ഒരു തീയതി കണ്ടെത്തുമോ എന്ന് കാത്തിരുന്ന് കാണാം. രജനികാന്തിന്റെ കടുത്ത ആരാധകനാണ് ധനുഷ്, അടുത്തിടെ ചെന്നൈയിലെ ഒരു തിയേറ്ററില്‍ വച്ച് ആരാധകരോടൊപ്പം നടന്‍ ‘വേട്ടയന്‍’ സിനിമ കണ്ടിരുന്നു. ‘ജയിലര്‍ 2’ ന്റെ മുഹൂര്‍ത്ത പൂജയ്ക്ക് രജനികാന്തിന്റെ മൂത്ത മകള്‍ ഐശ്വര്യയെ ക്ഷണിക്കാനും നെല്‍സണ്‍ ദിലീപ് കുമാറിന് പദ്ധതിയുണ്ട്. ഐശ്വര്യ മുന്‍ ഭര്‍ത്താവാണ് ധനുഷ്. ഇവര്‍ വീണ്ടും ഒന്നിക്കുന്നുവെന്ന് വാര്‍ത്തകളുണ്ട്.

‘ജയിലര്‍’ സിനിമയില്‍ മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, കന്നഡ സൂപ്പര്‍താരം ശിവ രാജ്കുമാര്‍, ഹിന്ദിയില്‍ നിന്നും ജാക്കി ഷ്‌റോഫ് എന്നിവര്‍ അതിഥി വേഷങ്ങള്‍ ചെയ്തിരുന്നു. ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് ‘കൂലി’ പൂര്‍ത്തിയാക്കിയാല്‍ ‘ജയിലര്‍ 2’ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് രജനികാന്തിന് ശസ്ത്രക്രിയ നടന്നതിനാല്‍ ‘കൂലി’യുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്.