Health

കോവിഡ് ബാധിച്ചിരുന്നോ? ഓർമക്കുറവു മാത്രമല്ല ബുദ്ധിയും കുറയുമെന്ന് പഠനം

കോവിഡ് വന്ന് പോയവരില്‍ നീണ്ട കാലത്തേക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. കോവിഡിന് ശേഷവും മാസങ്ങളോളം അതിന്റെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന അവസ്ഥകള്‍ വന്നിരുന്നു. ഇതേക്കുറിച്ചുള്ള പല പഠനങ്ങളും പുറത്ത് വന്നിരുന്നു. ബ്രെയ്ന്‍ ഫോഗ്, ഓര്‍മ്മക്കുറവ്, ആശയക്കുഴപ്പം, എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് പോലുള്ള പ്രശ്‌നങ്ങളെ കുറിച്ച് പലരും വ്യക്തമാക്കിയിരുന്നു.

മനുഷ്യരുടെ ഐക്യുവില്‍ (ഇന്റലിജന്‍സ് കോഷ്യന്റ്) വരെ കുറവ് വരുത്താന്‍ വൈറസ് ബാധയ്ക്ക് സാധിക്കുമെന്നുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ഒരു തവണ കോവിഡ് വന്നവര്‍ക്ക് വീണ്ടും വൈറസ് ബാധിക്കുമ്പോള്‍ ഐക്യു ശരാശരി രണ്ടു പോയിന്റ് കുറയാമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. 18 വയസ്സിന് മുകളിലുള്ള 1,13,000 പേരുടെ പ്രതികരണങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇതില്‍ 60 ശതമാനം സ്ത്രീകളും 95 ശതമാനം പേര്‍ വെളുത്ത വംശജരുമായിരുന്നു. പഠനത്തില്‍ പങ്കെടുത്ത 46,000 പേര്‍ കോവിഡ് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് പ്രതികരിച്ചു.

ഏതാണ്ട് അത്രത്തോളം പേര്‍ തന്നെ കോവിഡ് ഉണ്ടായെങ്കിലും ലക്ഷണങ്ങള്‍ നാലാഴ്ചകള്‍ക്കുളളില്‍ ഭേദമായതായി റിപ്പോര്‍ട്ട് ചെയ്തു. 3200 പേര്‍ക്ക് നാലു മുതല്‍ 12 ആഴ്ചകള്‍ വരെ കോവിഡ് ലക്ഷണങ്ങള്‍ തുടര്‍ന്നപ്പോള്‍ 3600 പേര്‍ക്ക് 12 ആഴ്ചയില്‍ അധികം ലക്ഷണങ്ങള്‍ തുടര്‍ന്നു. ലക്ഷണങ്ങള്‍ 12 ആഴ്ചയിലധികം നീണ്ടുനിന്ന ദീര്‍ഘകാല കോവിഡ് ബാധിച്ചവര്‍ക്ക് ഐക്യു ശരാശരി ആറ് പോയിന്റ് വരെ താഴ്ന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. കോവിഡ് മൂലം തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്ന രോഗികള്‍ക്ക് ഐക്യുവിലെ വീഴ്ച 9 പോയിന്റ് വരെ ആകാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

രണ്ടോ അതിലധികമോ ഡോസ് വാക്‌സീന്‍ കോവിഡിനെതിരെ എടുത്തവര്‍ക്ക് ധാരണശേഷിപരമായ ചെറിയ മെച്ചം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഒറിജിനല്‍ വൈറസ് മൂലം അണുബാധയേറ്റവര്‍ക്ക് ഉണ്ടായ അത്ര  പ്രശ്‌നങ്ങള്‍ അടുത്ത കാലത്തായി പുതു വകഭേദങ്ങളില്‍ നിന്ന് അണുബാധയേല്‍ക്കുന്നവര്‍ക്ക് ഉണ്ടാകുന്നില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്റര്‍നെറ്റ് സര്‍വേയില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയ നിരീക്ഷണ പഠനം മാത്രമായതിനാല്‍ കോവിഡ് തന്നെയാണ് ഐക്യു സ്‌കോറിലെ കുറവിന്റെ കാരണമെന്ന് തെളിയിക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. ഇതിന് കൂടുതല്‍ വിശാലമായ ഗവേഷണങ്ങള്‍ ആവശ്യമാണ്. മിതമായ കോവിഡ് ബാധ പോലും ഐക്യു 3 പോയിന്റ് കുറയാന്‍ കാരണമാകുമെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.