Lifestyle

ബീഫ് പെട്ടെന്ന് വേവിച്ചെടുക്കണോ? ഇതുമാത്രം ചേര്‍ത്താല്‍ മതി, രുചിയോ ആഹാ…..

നല്ല ബീഫ് വരട്ടിയതും പൊറോട്ടയും കോംബോ ഗംഭീരമാണല്ലേ. പലപ്പോഴും ബീഫ് പോലുള്ള മാംസത്തില്‍ രുചി കൂട്ടാനായി പലരും പല രഹസ്യ ചേരുവകളും ചേര്‍ക്കാറുണ്ട്. അവയില്‍ ഒന്നിനെ നമുക്ക് പരിചയപ്പെട്ടാലോ? ഇവിടെ പച്ച പപ്പായയാണ് താരം. മാംസം പാകം ചെയ്യുന്ന സമയത്ത് പല സ്ഥലങ്ങളിലും പച്ച പപ്പായ ചേര്‍ക്കാറുണ്ട്. ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്.

മാംസം പ്രോട്ടീനാല്‍ സമ്പന്നമാണ്. പപ്പായയില്‍ ആകട്ടെ പ്രോട്ടീനെ വിഘടിപ്പിക്കുന്ന പാപ്പൈന്‍ എന്ന എന്‍സൈം അടങ്ങിയട്ടുമുണ്ട്. ഇത് മാംസം മൃദുവാക്കുന്നു. ഇത് മാംസത്തിന്റെ നാരുകള്‍ പെട്ടെന്ന് ചവയ്ക്കാനും ദഹിക്കാനും സഹായിക്കുന്നു. മൃദുവായി കിട്ടാനായി അധികം സമയം എടുക്കുന്ന ബീഫ്, ആട്ടിറച്ചി തുടങ്ങിയവ മാംസങ്ങള്‍ക്ക് ഇത് ഫലപ്രദമാണ്.

പച്ച പപ്പായയുടെ പോഷകങ്ങളും ശരീരത്തില്‍ ലഭിക്കും. ഇതിൽ വൈറ്റമിന്‍ എ, സി ഇ എന്നിവയും ആന്റിഒക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായി ഇരിക്കാനായി ഇത് സഹായിക്കുന്നുണ്ട്. മറ്റൊരു കാര്യം രുചിയാണ്. മാംസം മൃദുവാകുന്നതു കൊണ്ടുതന്നെ, ഇതിനുള്ളിലേക്ക് മസാലകളുടെ രുചി പെട്ടെന്ന് പിടിക്കുന്നതുകൊണ്ട് രുചി കൂടും. മാത്രമല്ല പെട്ടെന്ന് വെന്തുകിട്ടുകയും ചെയ്യും.

പപ്പായ ബീഫ് ഉണ്ടാകാനായി പപ്പായ കഷ്ണങ്ങളും ബീഫും ഒരു സ്പൂണ്‍ കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് കുക്കറിലാക്കി വെക്കുക. ഒരു വിസില്‍ വരെ വേവിക്കുക. ചൂടാറിയതിന് ശേഷം പപ്പായ കഷ്ണങ്ങളും ചാറും ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. പിന്നീട് തക്കാളി, സവാള, വെളുത്തുള്ളി, കാന്താരി, ഇഞ്ചി, എന്നിവ വെള്ളം ചേര്‍ക്കാതെ അരച്ചു വെക്കുക. തുടർന്ന് പാനില്‍ പപ്പായ അരച്ചതും തക്കാളി മിശ്രിതവും ചേര്‍ത്തിളക്കുക. കുറച്ച് ഗരംമസാലയും ചേര്‍ക്കുക പിന്നീട് മണ്‍ചട്ടിയില്‍ ഈ അരപ്പിന്റെ പകുതി നിരത്തി ബീഫ്, മല്ലിയില, കറിവേപ്പില എന്നിവ നിരത്തുക. ബാക്കി അരപ്പും ചേര്‍ത്ത് മൂടി വെച്ച് ചെറുചൂടില്‍ വേവിക്കുക.