നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്.
നര്‍ത്തകനും നടനും, അന്തരിച്ച സിനിമാതാരം കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് നവ്യ. കറുപ്പ് ബാക്ക്ഗ്രൗണ്ടില്‍ മനോഹരമായ നൃത്തത്തോടൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
”ഇരുട്ടിന്റെ കറുപ്പിലാണ് നമ്മുടെ സുഖനിദ്ര..
എന്റെ ഈ ചുവടുകളും നിഴലിന്റെ കറുപ്പില്‍ തന്നെ ..
ഞാന്‍ സ്‌നേഹിക്കുന്നതും കാര്‍മുകില്‍ വര്‍ണ്ണനെ..
”മറ്റൊരുവന്റെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിക്കു കാരണം താനാണ് എന്ന് അറിയുമ്പോഴുണ്ടാകുന്ന സുഖം , അതാണ് ഏറ്റവും വലിയ മനുഷ്യത്വം.. ‘
Che Guevara
NB : രണ്ടു ദിവസത്തേക്ക് ചുരുങ്ങുന്ന ഒരു ചര്‍ച്ചയാവാതെ ഈ വേദന മനുഷ്യമനസ്സില്‍ നില്‍ക്കട്ടെ ..” – നവ്യ കുറിച്ചു.
മോഹിനിയാട്ടം അവതരിപ്പിക്കാന്‍ സൗന്ദര്യം വേണമെന്നും ആര്‍എല്‍വി രാമകൃഷ്ണന് കാക്കയുടെ കറുപ്പാണെന്നുമെല്ലാമാണ് കലാമണ്ഡലം സത്യഭാമയെന്ന് അറിയപ്പെടുന്ന നൃത്ത അധ്യാപിക പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ഈ വംശീയാധിക്ഷേപം. ഇത് പിന്നീട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. വിവാദമായതോടെ മന്ത്രിമാര്‍ അടങ്ങുന്ന പ്രമുഖര്‍ രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുകയും കേരള കലാമണ്ഡലം തന്നെ സത്യഭാമയുടെ വാക്കുകളെ തള്ളിക്കളയുകയും ചെയ്തിരുന്നു.