സാധാരണ ഒരാള്‍ മികവിലേക്കുള്ള കുതിപ്പ് തുടങ്ങുന്ന പ്രായമാണ് 24 വയസ്സെന്ന് ആരും പറയും. പക്ഷേ അഫ്ഗാനിസ്ഥാന്‍ ബൗളര്‍ നവീന്‍ ഉള്‍ ഹഖിന് ഇപ്പോള്‍ തന്നെ ക്രിക്കറ്റ് കളി മതിയായപോലെയാണ്. ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് തന്റെ ഏകദിനത്തിലെ അവസാന മത്സരങ്ങളായിരിക്കുമെന്നും ലോകകപ്പിന് ശേഷം ക്രിക്കറ്റിന്റെ ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്നും നവീന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുന്ന തന്റെ തീരുമാനം 24 കാരനായ പേസര്‍ വെളിപ്പെടുത്തിയത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ്.രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള ബഹുമതിക്ക് നന്ദി രേഖപ്പെടുത്തിയ നവീന്‍ ടി20 ക്രിക്കറ്റില്‍ രാജ്യത്തിന്റെ ജഴ്സിയില്‍ ഇനിയും കാണുമെന്ന് ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കളിജീവിതം സംബന്ധിച്ച കടുത്ത തീരുമാനം എടുക്കേണ്ടി വന്നെന്നും ആരാധകരുടെ പിന്തുണയ്ക്കും അചഞ്ചലമായ സ്നേഹത്തിനും നന്ദി രേഖപ്പെടുത്തുന്നതായും താരം ഇന്‍സ്റ്റയില്‍ കുറിച്ചിട്ടുണ്ട്. അതേസമയം 24-ാം വയസ്സില്‍ വിരമിക്കാനുള്ള നവീന്റെ തീരുമാനം പല ക്രിക്കറ്റ് പ്രേമികളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 2023-ലെ ഏഷ്യാ കപ്പില്‍ പങ്കെടുത്ത അഫ്ഗാനിസ്ഥാന്‍ ടീമില്‍ താരം അംഗമായിരുന്നില്ല. എന്നാല്‍ ഒക്ടോബര്‍ 5-ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2023ലെ ഐസിസി ലോകകപ്പില്‍ നവീനും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും തമ്മിലുള്ള പോരാട്ടം ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഐപിഎല്‍ 2023 ലെ ചൂടേറിയ ഇവരുടെ ഏറ്റുമുട്ടലുകളും ഉരസലുകളും ആരാധകര്‍ മറന്നിരിക്കാന്‍ ഇടയില്ല. ഏഷ്യാകപ്പില്‍ ഇരുവരും ഏറ്റുമുട്ടുമെന്ന് കരുതിയിരുന്നെങ്കിലും ടീമില്‍ നവീന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അഫ്ഗാനിസ്ഥാന്റെ 15 അംഗ ലോകകപ്പ് ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചത് നവീനിനെ വീണ്ടും ശ്രദ്ധയില്‍പ്പെടുത്തി. ഇരുവരും തമ്മിലുള്ള ഒരു ശക്തമായ മത്സരം കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.
