Sports

പെനാല്‍റ്റി നഷ്ടപ്പെടുത്തി, ടിക്‌ടോക്കിലൂടെ പരിഹസിച്ചത് ഇഷ്ടപ്പെട്ടില്ല; കോടതി കയറ്റുമെന്ന് സ്വന്തം ക്ലബ്ബിന് കളിക്കാരന്റെ ഭീഷണി

പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് തന്നെ പരിഹസിക്കുന്ന ടിക് ടോക്കിലെ വീഡിയോയുടെ പേരില്‍ സ്വന്തം ക്ലബിനെതിരേ കോടതിയെ സമീപിക്കുമെന്ന് ഫുട്‌ബോള്‍താരത്തിന്റെ ഭീഷണി. ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയുടെ സ്‌ട്രൈക്കര്‍ വിക്ടര്‍ ഒസ്മിഹെനാണ് സ്വന്തം ക്ലബ്ബിന് മുന്നറിയിപ്പ് നല്‍കിയത്.

കഴിഞ്ഞ സീസണില്‍ 30 വര്‍ഷത്തിനിടെ ഇറ്റാലിയന്‍ ക്ലബ്ബിന്റെ ആദ്യ ലീഗ് കിരീടം ഉറപ്പാക്കാന്‍ സഹായിച്ച താരമാണ് ഒസ്മിഹെന്‍. ശനിയാഴ്ച എതിരാളികളായ ബൊലോണയ്ക്കെതിരായ മത്സരത്തില്‍ ഒസിംഹെന്‍ പെനാല്‍റ്റി നഷ്ടമാക്കിയിരുന്നു. ഇതിന്റെ വീഡിയോ ക്ലബ്ബ് താരത്തെ പരിഹസിക്കുന്ന രീതിയില്‍ സാമൂഹ്യമാധ്യമത്തില്‍ ഉപയോഗിക്കുകയും ചെയ്തു.

എന്നാല്‍ സാമൂഹ്യമാധ്യമ പോസ്റ്റ് സ്വീകാര്യമല്ലെന്ന് ഫുട്‌ബോള്‍ താരത്തിന്റെ ഏജന്റ് റോബര്‍ട്ടോ കാലേന്‍ഡാ പറഞ്ഞു. വിക്ടറിനെ പരിഹസിക്കുന്ന വീഡിയോ ആദ്യം നാട്ടുകാരെ കാണിച്ചു. പിന്നീട് ഏറെ വൈകി അത് ഡിലീറ്റുംചെയ്തു.” അദ്ദേഹം തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്റെ പേരില്‍ ഒസിംഹെന്നും നാപ്പോളി പരിശീലകന്‍ റൂഡി ഗാര്‍ഷ്യയും തമ്മില്‍ ഉരസലുകള്‍ നില്‍ക്കെയാണ് ക്ലിപ്പും വന്നത്. ഗോളില്ലാ സമനിലയായി മാറിയ മത്സരത്തില്‍ തന്നെ കളി തീരുന്നതിന് നാലു മിനിറ്റ് മുമ്പ് ഗാര്‍ഷ്യ തിരിച്ചുവിളിച്ചതില്‍ ഒസ്മിഹെന്‍ അതൃപ്തനായിരുന്നു.