നല്ല പോഷണവും ശക്തമായ രക്ത ചംക്രമണവും പാടുകളൊന്നും ഇല്ലാത്ത ആരോഗ്യകരമായ നഖങ്ങളാണോ നിങ്ങളുടേത് ?.ഒരു വ്യക്തിയുടെ നഖങ്ങള്‍ നോക്കിയാല്‍ പല അസുഖങ്ങളെ കുറിച്ചും മനസിലാക്കാന്‍ സാധിയ്ക്കും. നഖങ്ങളില്‍ കാണുന്ന നിറവ്യത്യാസങ്ങള്‍ മനസിലാക്കി അസുഖങ്ങളെ കുറിച്ച് മനസിലാക്കാന്‍ സാധിയ്ക്കും. നഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അനാരോഗ്യകരമായ മാറ്റങ്ങളിലൂടെ എന്തൊക്കെ അസുഖങ്ങള്‍ ആയിരിക്കാം നിങ്ങളെ ബാധിച്ചിരിയ്ക്കുന്നതെന്ന് ഒരു പരിധി വരെ മനസിലാക്കാം. നമ്മുടെ ശരീരത്തിലെ പല തരത്തിലുള്ള പോഷണക്കുറവുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവ കൂടിയാണ് വിരലിലെ നഖങ്ങള്‍…..
തവിട്ടോ നീലയോ നിറമുള്ള നഖം – കടുത്ത തവിട്ട് നിറമുള്ളതോ നീലയും കറുപ്പും ചേര്‍ന്നതുമായതോ ആയ നഖങ്ങള്‍ വൈറ്റമിന്‍ ബി12 അഭാവത്തെ കുറിക്കുന്നു. ചുവന്ന രക്തകോശങ്ങളുടെ നിര്‍മ്മാണത്തില്‍ സഹായിക്കുന്ന വൈറ്റമിനാണ് ഇത്. സസ്യങ്ങളില്‍ നിന്നുള്ള സമ്പുഷ്ടീകരിക്കപ്പെട്ട പാല്‍, മുട്ട, പാലുത്പന്നങ്ങള്‍ എന്നിവ സഹായകമാണ്.
വെളുത്ത പാടുകള്‍ – നഖങ്ങളിലെ വെള്ള പാടുകള്‍ സിങ്ക് അഭാവത്തിന്റെ സൂചനയാണ്. അണുബാധകളോട് പോരാടാനും പ്രതിരോധ ശേഷി കാര്യക്ഷമമാക്കാനും മനുഷ്യശരീരത്തിന് സിങ്ക് ആവശ്യമുണ്ട്. രോഗങ്ങള്‍ വരുമ്പോഴും ആവശ്യത്തിന് മൃഗ പ്രോട്ടീനുകള്‍ ലഭിക്കാതെ വരുമ്പോഴും ക്രോണ്‍സ് രോഗം മൂലവും സിങ്ക് അഭാവം ഉണ്ടാകാം. കക്കയിറച്ചി, മത്തങ്ങ വിത്ത്, ബീഫ്, വെള്ളക്കടല എന്നിവയെല്ലാം സിങ്ക് അഭാവം പരിഹരിക്കാന്‍ സഹായിക്കും.
സ്പൂണ്‍ രൂപത്തിലുള്ള നഖങ്ങള്‍ – ശരീരത്തിലെ അയണ്‍ അഭാവത്തെ സൂചിപ്പിക്കുന്നതാണ് സ്പൂണ്‍ രൂപത്തിലുള്ള നഖങ്ങള്‍. കടുത്ത ആര്‍ത്തവ രക്തപ്രവാഹമുള്ള സ്ത്രീകള്‍, സസ്യാഹാരികള്‍, കഴിക്കുന്ന ഭക്ഷണത്തിലെ പോഷണങ്ങളെ ആഗീരണം ചെയ്യാന്‍ സാധിക്കാത്തവര്‍ തുടങ്ങിയവരിലാണ് ഈ പ്രശ്നം കണ്ടു വരാറുള്ളത്. അയണ്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ക്കൊപ്പം വൈറ്റമിന്‍ സിയും കഴിച്ച് തുടങ്ങിയാല്‍ ഈയവസ്ഥയ്ക്ക് മാറ്റം ഉണ്ടാകും. സപ്ലിമെന്റ് എടുക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം എടുക്കേണ്ടതാണ്.
തിരശ്ചീനമായ വര – നഖത്തില്‍ തിരശ്ചീനമായ ചാല് കീറിയത് പോലുള്ള വര പ്രത്യക്ഷമാകുന്നതും സിങ്കിന്റെ അഭാവത്തിന്റെ സൂചനയാണ്. താത്ക്കാലികമായി നഖ വളര്‍ച്ച നിന്നതിന്റെ ലക്ഷണം കൂടിയാണ് ഇത്. നട്സ്, വിത്തുകള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, ലീന്‍ മീറ്റ് എന്നിവയെല്ലാം ഈയവസ്ഥ മാറ്റാന്‍ സഹായിക്കും.
എളുപ്പത്തില്‍ പൊട്ടുന്ന നഖങ്ങള്‍ – ബയോട്ടിന്‍, അയണ്‍, കാല്‍സ്യം അഭാവം മൂലമാണ് നഖം പൊട്ടിപോകുന്ന സാഹചര്യം ഉണ്ടാകുന്നത്. വരണ്ട കാലാവസ്ഥ, നിരന്തരമുള്ള കൈ കഴുകല്‍, വാര്‍ദ്ധക്യം എന്നിവ ഈ അവസ്ഥ രൂക്ഷമാക്കാം. ക്ഷീണം, മുടികൊഴിച്ചില്‍, പേശികള്‍ക്ക് ദൗര്‍ബല്യം എന്നിവയും ഇതിനൊപ്പം ഉണ്ടാകാറുണ്ട്. മുട്ട, ബദാം, സാല്‍മണ്‍, പച്ചിലകള്‍, സമ്പുഷ്ടീകരിച്ച സിറിയലുകള്‍ എന്നിവ ഈയവസ്ഥയ്ക്ക് ശമനം ഉണ്ടാക്കും.




