Lifestyle

എല്ലാവരെയും ഒരുപോലെ പരിഗണിച്ചാൽ മുസ്ലീം പുരുഷന് ഒന്നിലധികം ഭാര്യമാരാകാം -അലഹബാദ് ഹൈക്കോടതി

എല്ലാ ഭാര്യമാരെയും തുല്യമായി പരിഗണിക്കുന്നിടത്തോളം കാലം ഒരു മുസ്ലീം പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാൻ അർഹതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.

സാധുതയുള്ള കാരണങ്ങൾക്ക് ബഹുഭാര്യത്വം ഖുർആൻ വ്യവസ്ഥാപിതമായി അനുവദിച്ചിട്ടുണ്ടെങ്കിലും പുരുഷന്മാർ സ്വാർഥ താൽപര്യത്തിനായി അത് ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. കീഴ് കോടതി പുറപ്പെടുവിച്ച സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൊറാദാബാദ് സ്വദേശി നൽകിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അരുൺ കുമാർ സിങ് ദേസ്വാളിന്റെ സിംഗ്ൾ ബെഞ്ച് ഈ പരാമർശങ്ങൾ നടത്തിയത്.

ഹര്‍ജിക്കാരനായ ഫുർകാൻ വേറൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് അറിയിക്കാതെ തന്നെ വിവാഹം കഴിച്ചുവെന്നാരോപിച്ച് 2020ൽ യുവതി പരാതി നൽകിയതോടെയാണ് കേസ് ആരംഭിച്ചത്. ഫുർകാൻ തന്നെ ബലാത്സംഗം ചെയ്തെന്നും അവർ ആരോപിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൊറാദാബാദ് പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയും ഫുർകാനും മറ്റ് രണ്ട് പേരും ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് സമൻസ് അയക്കുകയും ചെയ്തു.

ഫുർകാനുമായി ഒരു ബന്ധം സ്ഥാപിച്ച ശേഷമാണ് താൻ വിവാഹം കഴിച്ചതെന്ന് സ്ത്രീ സമ്മതിച്ചതായി ഫുർകാന്റെ അഭിഭാഷകൻ മൊറാദാബാദ് കോടതിയിൽ വാദിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) സെക്ഷൻ 494 പ്രകാരം മറ്റൊരാളെ വിവാഹം കഴിച്ചിരിക്കെ ഒരാളെ വിവാഹം കഴിക്കുന്നത് കുറ്റകരമാക്കാൻ രണ്ടാം വിവാഹം അസാധുവായിരിക്കണമെന്നും അദ്ദേഹം വാദിച്ചു.

മുസ്‌ലിം പുരുഷന് നാല് വിവാഹം വരെ അനുവദനീയമായതിനാൽ ഫുർകാൻ കുറ്റം ചെയ്തിട്ടില്ലെന്ന് ജസ്റ്റിസ് അരുൺ കുമാർ സിങ് പറഞ്ഞു. ഖുർആൻ ബഹുഭാര്യത്വം അനുവദിക്കുന്നതിന് പിന്നിൽ ചരിത്രപരമായ കാരണമുണ്ടെന്നും വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും 1937ലെ മുസ്‌ലിം വ്യക്തിനിയമം അനുസരിച്ച് തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ഭാര്യമാരും മുസ്‌ലിംകളായതിനാൽ രണ്ടാം വിവാഹം സാധുതയുള്ളതാണെന്ന് അലഹബാദ് ഹൈകോടതി 18 പേജുള്ള വിധിന്യായത്തിൽ വ്യക്തമാക്കി. കേസ് അടുത്ത വാദം കേൾക്കലിനായി മേയ് 26ലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *