Healthy Food

ബ്രൊക്കോളി സാൻഡ്‌വിച്ച് കഴിച്ച സംഗീതജ്ഞന് ദാരുണാന്ത്യം, 9 പേര്‍ ആശുപത്രിയില്‍; മുന്നറിയിപ്പുമായി ഇറ്റലി

ബ്രൊക്കോളിയും സോസജ് സാന്‍ഡ്​വിച്ചും കഴിച്ച് ഇറ്റലിയിലെ സംഗീതജ്ഞനായ ലൂയിജി ഡി സര്‍നോ (52 ) മരിച്ചു. ഒന്‍പതുപേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ക്കെല്ലാം ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയിക്കുന്നത്. സംഭവത്തിന് പിന്നാലെ നിലവില്‍ വിപണിയിലുള്ള ബ്രൊക്കോളികളെല്ലാം ഇറ്റലി തിരിച്ചുവിളിച്ചു. സംഗീതജ്ഞനായ ലൂയിജി ഡി സര്‍നോയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ബ്രോക്കോളി തിരിച്ചുവിളിക്കാൻ ഉത്തരവിട്ടു. ഒരു തെരുവ് കച്ചവടക്കാരനിൽ നിന്നുള്ള ഭക്ഷണത്തിൽ നിന്നാണ് ബോട്ടുലിസം ബാധിച്ചതെന്നാണ് സംശയം.

കുടുംബസമേതം കരീബിയയില്‍ അവധിക്കാലം ആഘോഷിച്ച് തിരികെ ഇറ്റലിയിലെത്തിയതായിരുന്നു സര്‍നോ. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കൊസെന്‍സാ പ്രവിശ്യയിലെ തെരുവിലുണ്ടായിരുന്ന ഫുഡ് ട്രക്കില്‍ നിന്നും ഇവര്‍ സാന്‍ഡ്​വിച്ച് വാങ്ങി. കഴിച്ചതിന് പിന്നാലെ സര്‍നോ കുഴഞ്ഞുവീഴുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റ് ചികില്‍സയിലുള്ളതും സര്‍നോയുടെ കുടുംബാംഗങ്ങളാണ്. ഇവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. അനന്‍സിയാറ്റയിലെ ആശുപത്രിയിലാണ് ഇവരുള്ളത്.

അതേസമയം, ഭക്ഷ്യവിഷബാധയില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സര്‍ക്കാര്‍ മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സര്‍ദിനിയയില്‍ കഴിഞ്ഞയാഴ്ച ബോട്ടുലിസം (ഒരുതരം വിഷബാധ) ബാധിച്ച് എട്ടുപേര്‍ ആശുപത്രിയിലായിരുന്നു. ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയയാണ് ബോട്ടുലിസത്തിന് കാരണം. കൃത്യമായി പാകം ചെയ്യാത്ത ടിന്നിലടച്ച ഭക്ഷണങ്ങളാണ് പലപ്പോഴും വില്ലനാകുന്നത്. ബാക്ടീരിയ നാഡീവ്യൂഹത്തെ ബാധിച്ചാല്‍ ശ്വാസതടസം, പേശീതളര്‍ച്ച, കാഴ്ച മങ്ങല്‍ തുടങ്ങിയവ സംഭവിക്കാം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങളിലും, സംസ്കരിച്ച ഭക്ഷണങ്ങളിലും പുളിപ്പിച്ചെടുത്ത ഭക്ഷണത്തിലുമെല്ലാം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായേക്കാെന്നും വിദഗ്ധര്‍ പറയുന്നു.

ജൂലൈ 22-നും 25-നും ഇടയിൽ മോൺസെറാറ്റോയിൽ നടന്ന ഫിയസ്റ്റ ലാറ്റിൻ ഫെസ്റ്റിവലിൽ മെക്സിക്കൻ ഭക്ഷണശാലയിലെ ഗ്വാകമോലി കഴിച്ചതിനെത്തുടർന്ന് എട്ട് പേർക്ക് ബോട്ടുലിസം ബാധിച്ചതിന് ശേഷമാണ് ഈ സംഭവം. കഗ്ലിയാരി ഫെസ്റ്റിവലിൽ ഗ്വാകമോലി ചേർത്ത ടാക്കോസ് കഴിച്ച 38 വയസ്സുള്ള ഒരു സ്ത്രീ മരിക്കുകയും 11 വയസ്സുള്ള ഒരു കുട്ടിയെ ചികിത്സയ്ക്കായി റോമിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു.

ബോട്ടുലിസം എന്നാൽ എന്താണ്?

ബോട്ടുലിസം ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കളാണ് ഉണ്ടാക്കുന്നത്. ഇത് ശരിയായ രീതിയിൽ സംസ്കരിക്കാത്ത ഭക്ഷണങ്ങളിൽ വളരുന്നു. ഇത് നാഡീവ്യൂഹത്തെ ആക്രമിക്കുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, പേശീ തളർച്ച എന്നിവ ഉണ്ടാക്കുകയും ചെയ്യും. ഏകദേശം 10 ശതമാനം കേസുകളിൽ ഇത് മരണകാരണമായേക്കാം.