Lifestyle

പാട്ടു കേള്‍ക്കുമ്പോള്‍ ലഭിയ്ക്കുന്ന മറ്റൊരു ഗുണം ; പഠനവുമായി ഗവേഷകര്‍

പാട്ട് ഇഷ്ടമില്ലാത്തവരായി ആരുമില്ല. മനസ് വിഷമിച്ചിരിയ്ക്കുന്ന അവസ്ഥയില്‍ ഇഷ്ടമുള്ള പാട്ട് കേള്‍ക്കുന്നത് വളരെ പ്രയോജനം ചെയ്യുമെന്നുള്ള കാര്യം നമുക്ക് അനുഭവത്തിലൂടെ അറിയാവുന്നതാണ്. പാട്ടു കേള്‍ക്കുമ്പോള്‍ ലഭിയ്ക്കുന്ന മറ്റൊരു ഗുണത്തെ കുറിച്ചാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. പാട്ടു കേള്‍ക്കുന്നത് കൊണ്ട് കഴിയ്ക്കുന്ന മരുന്നുകളുടെ ഫലം കൂട്ടാന്‍ സാധിയ്ക്കുമെന്ന് കണ്ടെത്തിയിരിയ്ക്കുകയാണ് ഗവേഷകര്‍.

മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകസംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ‘ക്ലിനിക്കല്‍ നേഴ്‌സിങ് റിസേര്‍ച്ച് ‘ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ തന്നെ മ്യൂസിക് തെറാപ്പി പരിശീലിക്കാമെന്ന് കോളേജ് ഓഫ് നഴ്‌സിങിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജേസണ്‍ കെയിര്‍ണന്‍ പറഞ്ഞു. നോസിയയ്ക്ക് കീമോതെറാപ്പി ചെയ്തു കൊണ്ടിരിക്കുന്ന രോഗികളിലാണ് ജേസണ്‍ തന്റെ മ്യൂസിക് തെറാപ്പി പരീക്ഷിച്ചത്.

കീമോതെറാപ്പി ചികിത്സയിലായിരുന്ന 12 രോഗികളായിരുന്നു ഈ പ്രാരംഭ പരീക്ഷണത്തില്‍ പങ്കെടുത്തത്. മരുന്നിനൊപ്പം തങ്ങളുടെ ഇഷ്ടഗാനം ദിവസവും അരമണിക്കൂര്‍ വെച്ച് കേള്‍ക്കാം എന്ന് ഇവര്‍ സമ്മതിച്ചു. കീമോതെറാപ്പി കഴിഞ്ഞുള്ള അഞ്ച് ദിവസങ്ങളില്‍ ഇത് തുടരുകയും ചെയ്തു. ഇങ്ങനെ മൊത്തം 64 തവണ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് നിഗമനത്തിലെത്തിച്ചേര്‍ന്നത്.

നോസിയ ബാധിച്ച രോഗികളില്‍ അതിന്റെ തീവ്രത മ്യൂസിക് തെറാപ്പിക്ക് ശേഷം കുറഞ്ഞതായാണ് തങ്ങള്‍ കണ്ടെത്തിയതെന്ന് ജേസണ്‍ പറയുന്നു. നോസിയയ്ക്ക് കാരണമാകുന്ന ‘സെറോടോണിന്‍’ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ റിലീസ് കുറച്ചു കൊണ്ടാണ് മ്യൂസിക് തെറാപ്പി ഫലം ചെയ്യുന്നത്. മരുന്നിനൊപ്പം സ്വല്‍പം സംഗീതവും കൂടി പ്രയോഗിച്ചു നോക്കുന്നത് അടുത്ത 10-20 വര്‍ഷങ്ങള്‍ക്കുള്ളില്‍ സാധാരണമാകുമെന്നും പ്രൊഫസര്‍ ജേസണ്‍ പറഞ്ഞു.