സിനിമ കഴിഞ്ഞാല്‍ തമിഴകത്തിന്റെ സൂപ്പര്‍ താരം അജിത്തിന് കാര്‍ റേസിംഗിലാണ് താല്പര്യം. പണ്ടേ വണ്ടിഭ്രാന്തനായ നടന്‍ അടുത്തിടെ സ്വന്തമായൊരു റേസിംഗ് ടീമെല്ലാം രൂപീകരിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഗുഡ് ബാഡ് അഗ്ലിയുടെ വിജയത്തിന് പിന്നാലെ കോടികള്‍ മുടക്കി പുത്തനൊരു സൂപ്പര്‍കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് അജിത്ത്. വിലയേറിയതും അപൂര്‍വവുമായ സൂപ്പര്‍കാറുകളില്‍ ഒന്നായ മക്ലാരന്‍ സെന്നയാണ് പ്രൊഫഷണല്‍ റേസ്‌കാര്‍ ഡ്രൈവര്‍ കൂടിയായ അജിത്ത് സ്വന്തമാക്കിയിരിയ്ക്കുന്നത്. 20 കോടി രൂപയോളമാണ് ഈ പുതിയ വാഹനത്തിനായി നടന്‍ മുടക്കിയിരിക്കുന്നത്.
ഐക്കണിക് മാര്‍ല്‍ബോറോ നിറത്തില്‍ അയര്‍ട്ടണ്‍ സെന്നയുടെ ഓട്ടോഗ്രാഫോടെയാണ് വാഹനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അജിത് കുമാര്‍ തന്റെ പുത്തന്‍ മക്ലാരന്‍ സെന്ന ഡെലിവറിയെടുക്കുന്നതിന്റെ വീഡിയോ അജിത് കുമാര്‍ റേസിംഗ് അവരുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. താരം കാര്‍ ഓടിച്ചു നോക്കുന്നതും വാഹനത്തിനൊപ്പം ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുന്നതുമെല്ലാം വീഡിയോയില്‍ കാണാനാവും. ഇതിഹാസ എഫ് 1 ഡ്രൈവര്‍ അയര്‍ട്ടണ്‍ സെന്നയോടുള്ള ആദരചൂകമായാണ് മക്ലാരന്‍ തങ്ങളുടെ സൂപ്പര്‍കാറിന് സെന്നയെന്ന പേരിട്ടിരിക്കുന്നത്.
ലോകത്തില്‍ തന്നെ മക്ലാരന്‍ സെന്നയുടെ 500 യൂണിറ്റുകള്‍ മാത്രമേ നിര്‍മിച്ചിട്ടുള്ളൂവെന്നതും സവിശേഷമാക്കുന്ന കാര്യമാണ്. വൈറ്റും ഓറഞ്ചും നിറങ്ങളിലുള്ള അതുല്യമായ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് സ്വന്തമാക്കിയ സൂപ്പര്‍ കാറിനുള്ളത്. 1980 കളിലും 1990 കളിലും അയര്‍ട്ടണ്‍ സെന്ന ഓടിച്ചിരുന്ന പഴയ മാര്‍ല്‍ബോറോ ലിവറി മക്ലാരന്‍ F1 കാറുകളോട് സാമ്യമുള്ളതാണ് ഈ നിറം. 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് മക്ലാരന്‍ സെന്നയുടെ ഹൃദയം. ഈ എഞ്ചിന്‍ 800 bhp കരുത്തില്‍ പരമാവധി 800 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കും. സെന്നയില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നതും. 250 കിലോമീറ്റര്‍ വേഗതയില്‍ 800 കിലോഗ്രാം ഡൗണ്‍ഫോഴ്സ് ഉത്പാദിപ്പിക്കുന്ന വലുതും സജീവവുമായ പിന്‍ വിംഗും ഇതിന്റെ പ്രധാന ആകര്‍ഷണമാണ്. പ്രശസ്ത ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മക്ലാരന്‍ സെന്ന ഉടമകളില്‍ ഒരാളാണ്.