ഒറ്റ നോട്ടത്തില്‍ മഴവില്ല് ഭൂമിയിലേക്ക് ഇറങ്ങി വന്നതു പോലെ തോന്നും. തെക്കേ അമേരിക്കയിലെ പ്രശസ്തമായ പര്‍വതനിരയായ ആന്‍ഡിസ് കണ്ടാല്‍ ഇങ്ങനെയാണ് തോന്നുന്നത്. പെറുവിലെ ആന്‍ഡിസ് മേഖലയില്‍ ഉള്‍പ്പെട്ടതാണ് ഔസന്‍ഗേറ്റ് മലനിരകള്‍. വ്യത്യസ്തമായ നിറങ്ങളുള്ള മലകള്‍. മേഖലയിലെ ധാതുക്കളും അന്തരീക്ഷവുമാണ് ഇത്തരമൊരു നിറക്കൂട്ട് ഔസന്‍ഗേറ്റില്‍ ഒരുക്കിയത്.
മഴവില്‍ മലയെന്ന് അറിയപ്പെടുന്ന വിനികുന്‍ക എന്ന മലയാണ് ഏറ്റവും ശ്രദ്ധേയം. മഴവില്‍ നിറങ്ങളില്‍ പല വര്‍ണങ്ങള്‍ വിനികുന്‍കയില്‍ കാണുന്നു. ഈ മലയ്ക്ക് ഏഴുനിറങ്ങള്‍ കിട്ടിയത് അതിന്റെ ധാതു ഘടന കൊണ്ടാണ്. കളിമണ്ണും ചെളിയും പിങ്ക് നിറത്തിലും, ക്വാര്‍ട്ടോസും സാന്‍ഡ്സ്റ്റോണും വെളുത്തനിറവും ഇരുമ്പടങ്ങിയ കല്ലുകള്‍ ചുവപ്പ് നിറമും, ഫൈലൈറ്റ് ധാതുക്കള്‍ പച്ചനിറവും മഗ്‌നീഷ്യമുള്‍പ്പെടെ അടങ്ങിയ ചില പാറകള്‍ ബ്രൗണ്‍ നിറമും കാല്‍കാരിയസ് സാന്‍ഡ്സ്റ്റോണ്‍ ധാതുക്കള്‍ മഞ്ഞനിറവും നല്‍കുന്നു. 17000 അടിയിലാണ് ഇതിന്റെ കൊടുമുടി സ്ഥിതി ചെയ്യുന്നത്.
ഇന്ന് പെറുവിലെ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കപ്പെടുന്ന രണ്ടാമത്തെ സ്ഥലമാണ് വിനികുന്‍ക. വിനികുന്‍ക എത്താനായി അധികം വിനോദസഞ്ചാരികളും ഓഗസ്റ്റാണ് തിരഞ്ഞെടുക്കാറുള്ളത്. വരണ്ട കാലമായതിനാല്‍ മനോഹരമായ കാഴ്ച ലഭിക്കുന്നതിനാലാണിത്. പ്രതിദിനം നാലായിരത്തോളം പേര്‍ സീസണില്‍ ഇവിടെയെത്തുന്നെന്നാണ് കണക്ക്. ഒരു മണിക്കൂറിലധികം നടക്കേണ്ടതുമുണ്ട് ഇവിടെയെത്താന്‍. മൊണ്ടാന ഡി സീറ്റേ കളേര്‍സ്, മോണ്ടാന ഡി കളേര്‍സ്, മോണ്ടാന ആര്‍കോയിറിസ് തുടങ്ങിയ പല പേരുകളില്‍ വിനികുന്‍ക അറിയപ്പെടുന്നുണ്ട്.