Featured Oddly News

മാസശമ്പളം ഒരു കോടി ! എന്നിട്ടും നെഞ്ചുവേദന അഭിനയിച്ച് ആദ്യദിനംതന്നെ ഓടി രക്ഷപെട്ടു, വൈറല്‍ വീഡിയോ

ജോലി സമ്മര്‍ദം താങ്ങാനാവാതെ ഇവൈയിലെ ജോലിക്കാരിയായ കൊച്ചി സ്വദേശിനിക്ക് ജീവന്‍ നഷ്ടമായതിന് പിന്നാലെ കമ്പനികളിലെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമാകുകയാണ്. ഇതിനിടയില്‍ ഏണ്‍സ്റ്റ് ആന്‍റ് യങ് കമ്പനിയിലെ തന്റെ ജോലി ആദ്യ ദിവസത്തില്‍ തന്നെ അവസാനിപ്പിച്ച് പോരേണ്ടിവന്നതിനെക്കുറിച്ച് ഭാരത്പേ സഹസ്ഥാപകനായ ആഷ്​നീര്‍ ഗ്രോവറുടെ ഒരു പഴയ വീഡിയോ വൈറലാകുന്നു.

പ്രതിമാസം ഒരു കോടി രൂപ പ്രതിഫലം ലഭിക്കുന്ന ജോലി ആയിരുന്നിട്ടുകൂടി ആദ്യദിവസംതന്നെ ഏണ്‍സ്റ്റ് ആന്‍റ് യങ് കമ്പനിയില്‍നിന്ന് താന്‍ ജീവനുംകൊണ്ട് ഓടിപ്പോരുകയായിരുന്നുവെന്നാണ് ആഷ്​നീര്‍ പറയുന്നത്. ആദ്യദിവസം ഓഫിസിലെത്തിയപ്പോള്‍തന്നെ സ്ഥാപനത്തിലെ തൊഴില്‍ അന്തരീക്ഷം വളരെമോശമാണെന്ന് മനസിലായി. തുടര്‍ന്ന് നെഞ്ചുവേദന അഭിനയിച്ച് ആ കാരണംപറഞ്ഞ് ലീവെടുത്ത് താന്‍ വീട്ടിലേക്ക് പോന്നെന്നും പിന്നീട് ഒരിക്കലും ആ സ്ഥാപനത്തിലേക്ക് മടങ്ങിപ്പോയില്ലെന്നും അദ്ദേഹം പറയുന്നു.

മരിച്ചുജീവിക്കുന്നവരേപോലെയാണ് അവിടെയുള്ള ജീവനക്കാര്‍. ഒരു ഓഫിസില്‍ കാണേണ്ട ഉല്‍സാഹവും ജോലി ചെയ്യാനുള്ള അന്തരീക്ഷവും ഊര്‍ജവും അവിടെ ഇല്ല. ഗ്രോവര്‍ പറയുന്നു. തൊഴിലാളികളുടെ കാര്യക്ഷമത കൂട്ടാന്‍വേണ്ട സാഹചര്യങ്ങളാണ് തൊഴിലിടങ്ങളില്‍ സൃഷ്ടിക്കേണ്ടതെന്നും മല്‍സരാന്തരീക്ഷമുള്ള ഓഫിസുകളാണ് യഥാര്‍ത്ഥത്തില്‍ നല്ലതെന്നും അന്ന് ഗ്രോവര്‍ പറഞ്ഞത് വന്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ആർപിജി എന്റർപ്രൈസസിന്റെ ചെയർമാനായ ഹര്‍ഷ് ഗോയങ്ക ഉള്‍പ്പടെയുള്ളവര്‍ ഗ്രോവറിനെതിരെ അന്ന് രംഗത്തെത്തിയിരുന്നു.