മധ്യപ്രദേശിലെ ഗ്വാളിയാർ ജില്ലയിൽ ഒൻപതു വയസുകാരനെ ആക്രമിച്ച പുള്ളിപുലിയെ വിരട്ടിയോടിച്ച് അമ്മ. ബുധനാഴ്ച്ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒൻപത് വയസുകാരനാണ് പുള്ളിപുലിയുടെ ആക്രമണം നേരിട്ടത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ പുള്ളിപുലിയോട് പോരാടുകയും മകനെ അതിവിദഗ്ധമായി രക്ഷിക്കുകയുമായിരുന്നു.
ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ വിജയ്പൂർ ആശുപത്രിയിലേക്കും അവിടെ നിന്ന് , ഗ്വാളിയോറിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും മാറ്റി. രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ കുട്ടി നിലവിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ്. പുള്ളിപ്പുലിയുടെ കടിയേറ്റാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാലാണ് കുട്ടിയെ നിരീക്ഷണത്തിനു വിധേയനാക്കിയിരിക്കുന്നത്. എങ്കിലും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
റിപ്പോർട്ടുകൾ അനുസരിച്ച് വിജയ്പൂരിലെ ഉമ്രികല ഗ്രാമത്തിൽ താമസിക്കുന്ന 9 വയസ്സുള്ള അവിനാഷ് ധക്കാട് എന്ന കുട്ടിയാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. വീടിന്റെ മതിലിനു സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക് പുലി ചാടി വീഴുകയും മുഖത്തും ദേഹത്തും മാന്തുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട ഓടിയെത്തിയ അമ്മ സുരക്ഷാ ധാക്കദ്, ധൈര്യം കൈവിടാതെ ഏകദേശം ഏഴ് മിനിറ്റോളം പുലിയെ തുരത്തിയോടിക്കാനുള്ള ശ്രമം നടത്തുകയുമായിരുന്നു. ഒടുവിൽ പുലിയുടെ കൈയിൽ നിന്ന് മകനെ വലിച്ചെടുത്ത അമ്മ , പുലിയെ വിരട്ടിയോടിക്കുകയായിരുന്നു. ആക്രമണത്തിൽ അവിനാഷിന്റെ മുഖത്തും തലയിലുമായി 14 ഓളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ തന്റെ മകന് ചീറ്റയുടെ ആക്രമണമാണ് നേരിട്ടതെന്ന് വെളുപ്പെടുത്തി അവിനാഷിന്റെ അമ്മ രംഗത്തെത്തിയെങ്കിലും വനംവകുപ്പ് ഈ അവകാശവാദം നിഷേധിക്കുകയായിരുന്നു. ചീറ്റപ്പുലികൾ ഇത്തരം ആക്രമണ സ്വഭാവം പ്രകടിപ്പിക്കില്ലെന്നും ആക്രമിച്ചത് പുള്ളിപ്പുലിയാണെന്നും അധികൃതർ വ്യക്തമാക്കി. കുനോ നാഷണൽ പാർക്കിൽ നിന്ന് വെറും ഏഴ് കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലാണ് ആക്രമണം നേരിട്ടത്. ഇതോടെ, ഗ്രാമവാസികൾ കടുത്ത ജാഗ്രതയിലാണ്.