ടെക്സാസ് : സ്കൂളിൽ കൂട്ടക്കൊല നടത്താൻ 14-കാരൻ പദ്ധതിയിട്ടതായി പൊലീസ്. ഇതിനായി ആയുധങ്ങൾ വാങ്ങി നൽകിയത് കുട്ടിയുടെ മാതാവായ 33 കാരി ആഷ്‌ലി പാർഡോയും അറസ്റ്റിലായി. സാൻ അന്റോണിയോയിലെ ജെറമിയ റോഡ്‌സ് മിഡിൽ സ്കൂളിലാണ് ആക്രമണം ആസൂത്രണം ചെയ്തിരുന്നത്.
തിങ്കളാഴ്ച കുട്ടി സ്കൂളിൽ ഭീതിയുണർത്തുന്ന വസ്ത്രങ്ങൾ ധരിച്ച് എത്തിയതിനെ തുടർന്നാണ് സ്കൂൾ അധികൃതർ സംഭവം ഗൗരവത്തോടെ എടുത്തത്. കുട്ടി സ്കൂളിൽ എത്തി അക്രമം നടത്തും എന്ന ആശങ്കയെ തുടർന്ന് സുരക്ഷാ സന്നാഹങ്ങൾ ഉറപ്പാക്കിയ ശേഷം കുട്ടിയെ സ്കൂളിൽ തടഞ്ഞുവയ്ക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ മുത്തശ്ശിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. മകന്റെ ആക്രമണ ആസൂത്രണത്തിന് മാതാവ് പിന്തുണ നൽകി തോക്കും മറ്റും വാങ്ങി നൽകിയതായി മുത്തശ്ശി പോലീസിനോട് പറഞ്ഞു. കൂടാതെ കുട്ടിയുടെ കിടപ്പുമുറിയിൽ നിന്നും വീട്ടിൽ നിർമ്മിച്ച ഒരു മോർട്ടാർ (വെടിവെപ്പ് ബോംബ്) കണ്ടെടുത്തതായും, അതിന്മേൽ “For Brenton Tarrant” എന്ന് എഴുതിയിരുന്നതായും മുത്തശ്ശി പറഞ്ഞു.
2019-ലെ ന്യൂസിലാൻഡിലെ ക്രൈസ്റ്റ്‌ചർച്ച് പള്ളിയിലുണ്ടായ കൂട്ടക്കൊലയിൽ 51 പേരെ വധിച്ച ബ്രെൻറൺ ടാരന്റിനെയാണ് ഇതിലൂടെ കുട്ടി സ്മരിച്ചതെന്ന് സൂചനയുണ്ട്. കുട്ടിക്ക് അത്തരം അക്രമകാരികളോടുള്ള ആരാധനയുണ്ടെന്നും, “പ്രശസ്തനാവാൻ പോകുകയാണ്” എന്ന നിലയിലുള്ള പ്രതികരണങ്ങൾ മുത്തശ്ശിയോട് പങ്കുവച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മാസികകളും മറ്റു സാമഗ്രികളും കുട്ടിക്ക് മാതാവ് തന്നെയാണ് വാങ്ങി നൽകിയതെന്നും മുത്തശ്ശി ആരോപിച്ചു. ഇതിനുശേഷം ആഷ്‌ലി പാർഡോയ്‌ക്കെതിരെ കൂട്ടക്കൊല ആസൂത്രണം, അനധികൃത ആയുധ കൈമാറ്റം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയതായും പോലീസ് അറിയിച്ചു. കുട്ടിയും ഇപ്പോൾ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണുള്ളത്.