Health

കുഞ്ഞുങ്ങള്‍ സംസാരിയ്ക്കാന്‍ വൈകുന്നുവോ ? മാതാപിതാക്കൾ അറിയാതെ ചെയ്യുന്ന ഈ തെറ്റുകളുമാകാം കാരണം!

പല മാതാപിതാക്കളും പറയുന്ന ഒരു പ്രധാന ആകുലതകളാണ് കുട്ടികള്‍ സംസാരിയ്ക്കാന്‍ വൈകുന്നു എന്നത്. സാധാരണ രീതിയില്‍ ഒരു വയസ് കഴിയുന്നതോടെ കുട്ടികള്‍ ഓരോ വാക്കുകള്‍ പറയാന്‍ തുടങ്ങും. അത് സാവധാനം കൂടി വരും. രണ്ടു വയസ് പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ ഇരുപത്തഞ്ചിനും അമ്പതിനും ഇടയില്‍ വാക്കുകള്‍ സംസാരിക്കണമെന്നും രണ്ടു വാക്കുകള്‍ കൂട്ടി ചേര്‍ത്ത് വാചകങ്ങളാക്കി പറഞ്ഞു തുടങ്ങണമെന്നുമാണ് പറയുന്നത്.

എന്നാല്‍ കുട്ടികള്‍ സംസാരിക്കുന്നതിലും പുതിയ വാക്കുകള്‍ പഠിക്കുന്നതിലും വിമുഖത കാണിക്കുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ട ഒന്നാണ്. കുട്ടികള്‍ സംസാരിക്കാന്‍ വൈകുന്നതിന് പിന്നില്‍ കേള്‍വിക്കുറവ്, പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള ഗ്രാഹ്യ ശക്തിയുടെ കുറവ്, ഓട്ടിസം എന്നിവയെല്ലാം ഗൗരവമേറിയ ആരോഗ്യ കാരണങ്ങളാണ്. എന്നാല്‍ ഇതൊന്നുമല്ല വിഷമയമെങ്കില്‍ പേരന്റിങ് രീതികളില്‍ വരുന്ന ചില വീഴ്ചകളും കാരണമാകാം….

* അമിതമായി ടിവിയും മൊബൈലും കാണുന്നത് – കുട്ടികളെ അടക്കിയിരുത്തുന്നതിനായി ടിവി, മൊബൈല്‍ എന്നിവ നല്‍കുന്നത് ഇന്നൊരു ശീലമാണ്. എന്നാല്‍ രസകരമായ കാര്‍ട്ടൂണ്‍ അല്ലേ കാണുന്നത് എന്നു കരുതി നല്‍കുന്ന സ്‌ക്രീന്‍ ടൈം കുട്ടികളുടെ സംസാരം വൈകിക്കും. അവര്‍ സ്‌ക്രീനിലെ മൂവിങ് ഒബ്ജക്റ്റുകളില്‍ ആയിരിക്കും കൂടുതല്‍ ശ്രദ്ധിക്കുക. സ്‌ക്രീന്‍ ടൈം നല്‍കാത്തപ്പോള്‍ ഹൈപ്പര്‍ ആക്റ്റിവ് ആയി പെരുമാറാനും ഇത് കാരണമാകും.

* ന്യൂക്ലിയര്‍ ഫാമിലി – അച്ഛനും അമ്മയും കുട്ടിയും മാത്രം അടങ്ങുന്ന കുടുംബങ്ങളില്‍ മാതാപിതാക്കള്‍ക്ക് ജോലി കൂടിയിട്ടുണ്ടെങ്കില്‍ പിന്നെ കുട്ടികളോട് സംസാരിക്കാന്‍ ആവശ്യത്തിന് സമയം കിട്ടിയെന്ന് വരില്ല. വീട്ടില്‍ ആളുകളുടെ ആവര്‍ത്തിച്ചുള്ള സംസാരം, മറ്റുള്ള ജനങ്ങളുമായുള്ള ഇടപെടല്‍ എന്നിവയെല്ലാം കുട്ടികളില്‍ സംസാരത്തെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ്. അതിനാല്‍ കുട്ടികള്‍ സംസാരിക്കാന്‍ വൈകുന്നുണ്ടെങ്കില്‍ നിങ്ങള്‍ അവരോടു ആവശ്യത്തിന് സംസാരിക്കുന്നുണ്ടോയെന്നും സമയം ചെലവഴിക്കുന്നുണ്ടോയെന്നും ഉറപ്പാക്കുക.

* ഒരുമിച്ചു കളിക്കാതിരിക്കുക /പുസ്തകങ്ങള്‍ വായിക്കാതിരിക്കുക  – മാതാപിതാക്കള്‍ കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കേണ്ടതും അവര്‍ക്കൊപ്പം കളിക്കേണ്ടതും അനിവാര്യമാണ്. ക്രിയാത്മകമായ കളികള്‍. ഒരുമിച്ചുള്ള പുസ്തകവായന, കഥ പറച്ചില്‍ എന്നിവയുടെയെല്ലാം കുട്ടികളിലേക്ക് പുതിയ വാക്കുകള്‍ കടന്നെത്തുകയും അവര്‍ അതിലൂടെ  സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. മാത്രമല്ല കുട്ടികളിലെ ഭാവന വളര്‍ത്തുന്നതിനും ഇത് സഹായിക്കും. എല്ലാ ദിവസവും കൃത്യമായ ഒരു സമയം ഇത്തരം കാര്യങ്ങള്‍ക്കായി മാറ്റി വയ്ക്കുന്നത് ഗുണകരമാണ്.