ആറു ദിവസംമുന്‍പ് കാണാതായ ഡൽഹി സർവകലാശാല വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി . ഡൽഹിയിലെ ആത്മറാം സനാതൻ ധർമ കോളജിലെ വിദ്യാർഥിയായ സ്നേഹ ദേബ്നാഥിന്റെ (19) മൃതദേഹമാണ് ഗീതാ കോളനി ഫ്ലൈ ഓവറിനു താഴെനിന്ന് കണ്ടെത്തിയതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
നേരത്തെ സ്നേഹ എഴുതിയതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി കുടുംബം അറിയിച്ചിരുന്നു. ജൂലൈ 7 മുതലാണ് സ്നേഹയെ കാണാതായത്. ഡൽഹിയിലെ സിഗ്നേച്ചർ പാലത്തിൽനിന്ന് ചാടി ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് കത്തിലുണ്ടെന്ന് കുടുംബം പറഞ്ഞു. ‘ഞാനൊരു പരാജയമാണെന്നും ഭാരമാണെന്നും തോന്നുന്നു. ഇങ്ങനെ ജീവിക്കുന്നത് അസഹനീയമാണ്’–സ്നേഹയുടെ കത്തിൽ പറയുന്നു. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നും സ്വന്തം തീരുമാനമാണ് ഇതെന്നും കത്തിലുണ്ട്.
പോലീസ് പറയുന്നതനുസരിച്ച്, ജൂലൈ 7 ന് സുഹൃത്തിനെ സരായി റോഹില്ല റെയിൽവേ സ്റ്റേഷനിൽ ഇറക്കാൻ പോകുന്നുവെന്നു രാവിലെ 5.56ന് മാതാവിനോട് പറഞ്ഞിരുന്നു. എന്നാൽ അതിനുശേഷം സ്നേഹയെക്കുറിച്ച് വിവരമൊന്നുമില്ല. എട്ടേമുക്കാലോടെ മാതാവ് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോൾ സ്നേഹ സുഹൃത്തിനെ കണ്ടിട്ടില്ലെന്നറിഞ്ഞു. സ്നേഹ വിളിച്ചതു പ്രകാരമെത്തിയ കാർ ഡ്രൈവറാണ് പെൺകുട്ടി പോയത് റെയിൽവേ സ്റ്റേഷനിലേക്കല്ലെന്നും സിഗ്നേച്ചർ പാലത്തിനു സമീപത്തേക്കാണെന്നും കുടുംബത്തെ അറിയിക്കുന്നത്.
സ്നേഹയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ ഒരുമിച്ച് കൊണ്ടുവരാൻ പോലീസ് അന്വേഷണം നടത്തിവരികയാണ്.




