തിരക്കു നിറഞ്ഞ റോഡുകളിൽ കാൽനടയാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരുപോലെ ഗുരുതരമായ അപകടമുണ്ടാക്കുന്ന ഒന്നാണ് തുറന്ന് കിടക്കുന്ന മാൻഹോളുകൾ. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും, ഈ പ്രശ്നം ഇന്ന് പല നഗരങ്ങളിലും പരിഹരിക്കപ്പെട്ടിട്ടില്ല.
മിക്ക കേസുകളിലും, ഇത്തരം അപകടങ്ങൾ ഗുരുതരമായ പരിക്കുകളിലേക്കും മരണം അടക്കമുള്ള അങ്ങയറ്റം ഭയാനകമായ സാഹചര്യങ്ങളിലേക്കുമാണ് നയിക്കപ്പെടാറുള്ളത്.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. ഒരു ബൈക്ക് യാത്രക്കാരൻ തിരക്കേറിയ തെരുവിലൂടെ സഞ്ചരിക്കുന്നതിനിടയിൽ തുറന്ന മാൻഹോളിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. വ്യാപകമായി പ്രചരിക്കപ്പെട്ട ദൃശ്യങ്ങൾ റോഡ് സുരക്ഷയെയും പൗരന്മാരുടെ അശ്രദ്ധയെയും കുറിച്ചുള്ള ഗൗരവ ചർച്ചകൾക്കാണ് തിരികൊളുത്തിയത്.
ജനത്തിരക്കേറിയ റോഡിന് നടുവിൽ മൂടിയില്ലാത്ത ഒരു മാൻഹോളാണ് വൈറൽ ക്ലിപ്പിന്റെ തുടക്കത്തിൽ കാണിക്കുന്നത്. തൊട്ടടുത്ത നിമിഷം ഒരു കാർ അതിന് മുകളിലൂടെ കടന്നുപോകുന്നത് കാണുന്നു., എന്നാൽ കാറിനെ പിന്തുടരുന്ന ഒരു ബൈക്ക് യാത്രികൻ മാൻഹോൾ ശ്രദ്ധിക്കാതെ പോകുകയും പെട്ടെന്ന് അതിലേക്ക് തലകുത്തി വീഴുകയും ചെയ്യുന്നു.
1.34 ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയിൽ, ആഴത്തിലുള്ള കുഴിയിൽ നിന്ന് കരകയറാൻ പാടുപെടുന്ന യുവാവിനെയാണ് കാണുന്നത്. അപകടത്തിനു പിന്നാലെ റോഡ് അറ്റകുറ്റപണികളുമായി ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള ഉത്തരവാദിത്തമില്ലായ്മ വ്യാപകമായ വിമർശനത്തിനും നിരാശയ്ക്കും കാരണമായിട്ടുണ്ട്.
വീഡിയോ വൈറലായതോടെ അപകടത്തിലേക്ക് നയിച്ച ഭരണകൂടത്തിന്റെ അശ്രദ്ധയെ അപലപിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ തങ്ങളുടെ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തി. അടിസ്ഥാന സൗകര്യങ്ങളെയും ഭരണത്തെയും കുറിച്ചുള്ള ആശങ്കകൾ നിരവധിപേർ ഉയർത്തിക്കാട്ടി. ഒരു ഉപയോക്താവ് എഴുതി,
“എന്തൊരു നാണക്കേട്. ഈ തലത്തിലുള്ള അശ്രദ്ധയ്ക്ക് ഉത്തരവാദികളായ അധികാരികൾ ഉത്തരവാദികളായിരിക്കണം.” മറ്റൊരാൾ നികുതി വിനിയോഗത്തിൽ നിരാശ പ്രകടിപ്പിച്ചു, “വലിയ നികുതി അടച്ച് ഞങ്ങൾക്ക് ലഭിക്കുന്നത് ഇതാണ്. ഞങ്ങളുടെ പണം എവിടെ പോകുന്നു?” പലരും നഗര റോഡുകളുടെ മോശം അവസ്ഥയെക്കുറിച്ച് വിലപിച്ചു, ഒരാൾ ഇങ്ങനെ പറഞ്ഞു, “ഇവിടെയാണ് ആളുകൾ ശരിക്കും പ്രകോപിതരാകേണ്ടത്. കാരണം ജീവൻ നഷ്ടപ്പെടുന്നു” എന്നാണ് അയാൾ കുറിച്ചത്.