Sports

ലോകകപ്പിന് നെതര്‍ലാന്റ്‌സ് ടീം ബൗള്‍ ചെയ്യാന്‍തിരഞ്ഞെടുത്തയാള്‍ ബെംഗളൂരുവിലെ സ്വിഗ്ഗി ഡെലിവറി ഏജന്റ്

ഇന്ത്യയിലെ ക്രിക്കറ്റ് വെറുമൊരു കായിക വിനോദം മാത്രമല്ല. അതിരുകള്‍ക്കും ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അതീതമായി ഒരു ദേശീയ അഭിനിവേശവും നാട്ടുകാരെ ഏകീകരിക്കുന്ന ശക്തിയുമാണ്. തിരക്കേറിയ തെരുവുകള്‍ മുതല്‍ വിദൂര ഗ്രാമങ്ങള്‍ വരെ, രാജ്യത്തിന്റെ എല്ലാ കോണുകളും ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശത്താല്‍ പ്രതിധ്വനിക്കുമ്പോള്‍ ലോകകപ്പ് കളിക്കാനെത്തിയ നെതര്‍ലന്റ്‌സ് ലോകകപ്പിനായി തെരഞ്ഞെടുത്തിരിക്കുന്ന ബെംഗളൂരു സ്വിഗ്ഗി ഡെലിവറി ഏജന്റിനെ പരിചയപ്പെടാം.

ലോകകപ്പ് ആരംഭിക്കാന്‍ രണ്ടാഴ്ച ശേഷിക്കെ നെതര്‍ലന്‍ഡ്സ് ടീം പരിശീലിക്കുന്നത് ബെംഗളൂരുവിലെ ആളൂരിലാണ്. നെറ്റില്‍ പന്തെറിയാന്‍ ബൗളര്‍മാരെ തേടി സംഘം പരസ്യം നല്‍കിയിരുന്നു. എല്ലാവരെയും അമ്പരപ്പിച്ച് അവര്‍ തെരഞ്ഞെടുത്തയാള്‍ ഒരു സ്വിഗ്ഗി ഡെലിവറി മാനേജരായിരുന്നു. ഇടങ്കയ്യന്‍ റിസ്റ്റ് സ്പിന്‍ ബൗളറായ ലോകേഷ് കുമാര്‍ എന്ന 29 കാരനെയാണ് ഇവര്‍ തെരഞ്ഞെടുത്തത്. ഇടങ്കയ്യന്‍ റിസ്റ്റ് സ്പിന്‍ ബൗളിംഗ് കഴിവ് കൊണ്ടാണ് താന്‍ സ്ഥാനത്തേക്ക് അപേക്ഷിച്ചതെന്ന് ലോകേഷ് പരാമര്‍ശിച്ചു.

”നെതര്‍ലാന്‍ഡ്സ് ഒരു നിഗൂഢ സ്പിന്നറെ തിരയുകയായിരുന്നു. പരസ്യം കണ്ടപ്പോള്‍ പരീക്ഷിച്ചാലോ എന്ന് തോന്നി. രാജ്യത്ത് അധികം റിസ്റ്റ് സ്പിന്‍ ബൗളര്‍മാര്‍ ഇല്ലാത്തതിനാല്‍ മുന്‍തൂക്കം ലഭിക്കുമെന്ന് തോന്നി. ഒന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഞാന്‍ ആ ബോക്സില്‍ ടിക്ക് ചെയ്തു.” ലോകേഷ് പറയുന്നു. യോഗ്യതാ മത്സരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് നെതര്‍ലന്‍ഡ്സ് ലോകകപ്പിന് എത്തുന്നത്.