Celebrity

ഇന്ത്യയിലെ ഏറ്റവും ധനികയായ ടെലിവിഷന്‍ നടി; പ്രതിമാസം സമ്പാദിയ്ക്കുന്നത് 35 ലക്ഷം രൂപ

ഹിനാ ഖാന്‍, തേജസ്വി പ്രകാശ്, ഷെഹ്നാസ് ഗില്‍, റുബീന ദിലൈക് തുടങ്ങിയ നടിമാരുടെ കടന്നുവരവിന് ശേഷം ബോളിവുഡിന്റെ മിനിസ്‌ക്രീന്‍ മേഖലയില്‍ മത്സരം കടുത്തിരിയ്ക്കുകയാണ്. മിക്ക ടെലിവിഷന്‍ നടിമാരും ഒരു എപ്പിസോഡിന് ഇപ്പോള്‍ വലിയ തുകയാണ് ഈടാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ധനികയായ ടെലിവിഷന്‍ നടി ആരാണെന്ന് നിങ്ങള്‍ക്കറിയാമോ ?. നിലവില്‍ ഇന്ത്യയിലെ ഏറ്റവും ധനികയായ ടെലിവിഷന്‍ നടി ഹിന ഖാനാണ്. ‘യേ റിഷ്താ ക്യാ കെഹ്ലതാ ഹേ’ എന്ന ചിത്രത്തിലെ അക്ഷര മഹേശ്വരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തയായ നടിയുടെ ആസ്തി 52 കോടി രൂപയാണ്.

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ടിവി നടി കൂടിയാണ് അവര്‍. ഹിന ഖാന്‍ പ്രതിമാസം 35 ലക്ഷം രൂപ വരെ സമ്പാദിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അക്ഷര എന്ന കഥാപാത്രത്തിന് ഒരു എപ്പിസോഡിന് 1 മുതല്‍ 1.5 ലക്ഷം രൂപ വരെ അവര്‍ നേടി. ടെലിവിഷന്‍ പരിപാടികള്‍ക്ക് രണ്ട് ലക്ഷത്തിന് മുകളിലാണ് അവര്‍ വാങ്ങുന്നത്. 1987 ഒക്ടോബറില്‍ ജമ്മു കശ്മീരിലെ ശ്രീനഗറിലെ ഒരു കശ്മീരി മുസ്ലീം കുടുംബത്തിലാണ് ഹിന ഖാന്‍ ജനിച്ചത്. ഗുഡ്ഗാവിലെ സിസിഎ സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്ന് 2009-ല്‍ അവര്‍ എംബിഎ എടുത്തു. 2008-ല്‍ ‘ഇന്ത്യന്‍ ഐഡലി’നായി ഹിന ഖാന്‍ ഓഡിഷനില്‍ പങ്കെടുത്തിരുന്നു. ആദ്യ 30ല്‍ താരം എത്തിയെങ്കിലും കൂടുതല്‍ മത്സരിക്കാനായില്ല.

കോളേജ് പഠനകാലത്താണ് ‘യേ റിഷ്താ ക്യാ കെഹ്ലതാ ഹേ’ എന്ന ചിത്രത്തിന്റെ ഓഡിഷനില്‍ ഹിന പങ്കെടുത്തത്. ആ വേഷം അവളുടെ ജീവിതത്തെ തന്നെ മാറ്റി മറിയ്ക്കുകയായിരുന്നു. ഇന്ത്യയിലും ലോക വേദിയിലും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളില്‍ ഒരാളാണ് ഹിനാ ഖാന്‍. ഇന്ത്യയിലെ ഏറ്റവും ധനികയായ ടെലിവിഷന്‍ നടി എന്ന ടാഗില്‍, 49 കോടി രൂപയുടെ ആസ്തിയുള്ള ജെന്നിഫര്‍ വിംഗെറ്റ് രണ്ടാമതുള്ളത്.