Fitness

ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന ജിം ട്രെയിനര്‍, ഹൃത്വിക്കിന്റെയും ജോണ്‍ ഏബ്രഹാമിന്റെയും ശരീരസൗന്ദര്യ‘രഹസ്യം’

ഹൃത്വിക് റോഷന്‍, രണ്‍വീര്‍ സിംഗ്, ജോണ്‍ എബ്രഹാം, മഹേഷ് ബാബു തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ അനേകം സെലിബ്രിറ്റികളുടെ ശരീരസൗന്ദര്യം ആരാധകര്‍ക്കിടയില്‍ സംസാരവിഷയമാണ്. ഒരു തലമുറയെ ഫിറ്റ്‌നസ് ട്രെയിനിംഗിലേക്ക് ആകര്‍ഷിക്കാനും ഇത് കാരണമായിട്ടുണ്ട്. എന്നാല്‍ വടിവൊത്ത വയറുകളും കൈകളിലെ മസിലുകളും നന്നായി ടോണ്‍ ചെയ്ത ശരീരവും പ്രകടിപ്പിച്ച് അവര്‍ ആരാധകരെ നേടുമ്പോള്‍ , അവരുടെ ആകര്‍ഷണീയമായ ശരീരഘടനയ്ക്ക് പിന്നിലെ ഈ ഉരുക്കു മനുഷ്യനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല.

ജിം ട്രെയിനര്‍ ക്രിസ് ഗെതിനാണ് ഇവരുടെയെല്ലാം ശരീരസൗന്ദര്യത്തിന് പിന്നില്‍. മികച്ച കായികപരിശീലകനായ അദ്ദേഹം രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ട്രെയിനറാണ്. വെയില്‍സില്‍ നിന്നുമാണ് ഗെതിന്‍ എത്തുന്നത്. ഹൃത്വിക് റോഷന്റെ ഫിറ്റ്നസ് പരിശീലകന്‍ എന്നാണ് ക്രിസ് ഗെതിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല വിശേഷണം. താരത്തിന്റെ ശരീര സൗന്ദര്യത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗെതിന്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ജിം പരിശീലകനായി കണക്കാക്കപ്പെടുന്നു.

അദ്ദേഹത്തിന്റെ ഭീമമായ ഫീസ് രാജ്യത്തെ ഏതൊരു ഫിറ്റ്നസ് പരിശീലകനെക്കാളും കൂടുതലാണ്. ഹൃത്വിക് റോഷന്‍, രണ്‍വീര്‍ സിംഗ്, ജോണ്‍ എബ്രഹാം, മഹേഷ് ബാബു തുടങ്ങിയ ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പല മുന്‍നിര താരങ്ങള്‍ക്കും മികച്ച ശരീരഘടന സ്വന്തമാക്കാന്‍ ക്രിസ് ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഹൃത്വിക്കാണ് ക്രിസിന്റെ സ്ഥിരം ക്ലയന്റ്. ഇരുവരും പതിവായി ഒരുമിച്ച് പരിശീലനം നടത്തുന്നു.

തന്റെ ഇടപാടുകാര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ വ്യായാമമുറകള്‍ നല്‍കുന്ന അദ്ദേഹം കര്‍ക്കശമായ ഫിറ്റ്‌നസ് ദിനചര്യകളും ആവശ്യപ്പെടുന്നു.
ഒരു ഫിറ്റ്‌നസ് പരിശീലകനാകുക എന്നത് ഗെതിന്റെ സ്വപ്നമായിരുന്നില്ല. ചെറുപ്പത്തില്‍, ക്രിസ് ഒരു മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ പെട്ടു, അതിനുശേഷം അദ്ദേഹത്തിന്റെ ശരീരം ഒരിക്കലും വീണ്ടെടുക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ പ്രവചിച്ചു. ഇതോടെയാണ് ഗെതിന്‍ ജിമ്മില്‍ പോകാന്‍ തുടങ്ങിയത്. താമസിയാതെ ഫിറ്റ്‌നസിനോടുള്ള അഭിനിവേശം കൂടിയപ്പോള്‍ ശരീരവും സൗന്ദര്യാത്മകമായി.

2010 മുതലാണ് ക്രിസ് ഗെതിനുമായി ഹൃത്വിക് ഫിറ്റ്നസ് യാത്ര ആരംഭിച്ചത്. ഗുസാരിഷിന്റെ ഷൂട്ടിംഗ് നിര്‍ത്തി ക്രിഷ് 3-ന്റെ ഒരുക്കങ്ങളിലായിരുന്നു ഈ സമയത്ത് ഹൃത്വിക് റോഷന്‍. വെറും 10 ആഴ്ചകള്‍ക്കുള്ളില്‍ നടന്റെ ശരീരം രൂപാന്തരപ്പെടുത്താന്‍ ഇരുവരും കഠിനമായി പരിശ്രമിച്ചു.

ഒന്നിലധികം മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ക്രിസ് ഗെതിന് തന്റെ വൈദഗ്ധ്യത്തിനും പരിശീലന സാങ്കേതിക വിദ്യകള്‍ക്കുമായി ഹൃത്വിക് റോഷന്‍ പ്രതിമാസം 20 ലക്ഷം രൂപ പ്രതിഫലം നല്‍കുന്നുണ്ട്. തന്റെ സെലിബ്രിറ്റികളില്‍ നിന്നും ഉയര്‍ന്ന ഇടപാടുകാരില്‍ നിന്നും ക്രിസ് പ്രതിമാസം 7 മുതല്‍ 30 ലക്ഷം രൂപ വരെ ഈടാക്കുന്നുണ്ടത്രേ. ഇന്ത്യയിലും വെയില്‍സിലും വ്യാപിച്ചുകിടക്കുന്ന ജിമ്മുകളുടെ ഒരു ശൃംഖലയുള്ള ക്രിസ് ഗെതിന് 208 കോടി രൂപ (25 മില്യണ്‍ യുഎസ് ഡോളര്‍)യുടെ ആസ്തിയാണ് കണക്കാക്കുന്നത്.