Movie News

തറയില്‍ ഉറങ്ങി, 8പേരുമായി റൂം പങ്കിട്ടു, ആദ്യ ശമ്പളം 400രൂപ; ഇന്ന് 1000 കോടി ക്ലബ്ബ് ചിത്രത്തിലെ വമ്പന്‍ താരം

ഓരോ കലാകാരനും തങ്ങളുടേതായ മേഖലയില്‍ സ്ഥാനം ഉറപ്പിയ്ക്കണമെങ്കില്‍ വളരെയധികം കഷ്ടപ്പാടുണ്ടാകും. അഞ്ച് പതിറ്റാണ്ടുകളായി ബോളിവുഡില്‍ സജീവമായ ഒരു മെഗാസ്റ്റാറിന്റെ തുടക്കവും ഇത്തരത്തില്‍ ആയിരുന്നു. 81-ാം വയസ്സില്‍ അദ്ദേഹം തന്റെ ആദ്യത്തെ 1000 കോടി ക്ലബ്ബ് ചിത്രത്തിന്റെ ഭാഗമാകുകയും ചെയ്തു. പറഞ്ഞു വരുന്നത് ഇന്ത്യയുടെ ബിഗ് ബി അമിതാഭ് ബച്ചനെ കുറിച്ച് തന്നെയാണ്. 1969 മുതല്‍ ബോളിവുഡില്‍ സജീവമാണ് അമിതാഭ് ബച്ചന്‍. അതിനുമുമ്പ് അദ്ദേഹം തന്റെ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകളെ നേരിട്ടുണ്ട്.

കോന്‍ ബനേഗ ക്രോര്‍പതി 16 ന്റെ സമീപകാല എപ്പിസോഡില്‍, അമിതാഭ് തന്റെ ആദ്യകാലത്തെ കുറിച്ച് മനസ് തുറന്നിരുന്നു. കൊല്‍ക്കത്തയില്‍ ജോലി ചെയ്യുമ്പോള്‍ താന്‍ 8 ആളുകളുമായി ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അവിടെ തറയില്‍ കിടന്ന് ഉറങ്ങുമ്പോഴും തങ്ങള്‍ വളരെ സന്തുഷ്ടരായാണ് ജീവിച്ചിരുന്നതെന്ന് അദ്ദേഹം പറയുന്നു. അതേ എപ്പിസോഡില്‍, അമിതാഭ് ബച്ചന്‍ തന്റെ ആദ്യ ശമ്പളം വെറും 400 രൂപയായിരുന്നുവെന്ന് പറഞ്ഞു. അടുത്തിടെ പുറത്തിറക്കിയ 2024 ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം അമിതാഭ് ബച്ചന്റെ ആസ്തി 1,600 കോടി രൂപയാണ്. ഷാരൂഖ് ഖാന്‍ (7,300 കോടി രൂപ), ജൂഹി ചൗളയും കുടുംബവും (4,600 കോടി രൂപ), ഹൃത്വിക് റോഷന്‍ (2,000 കോടി രൂപ) എന്നിവരാണ് അദ്ദേഹത്തിന് പിന്നില്‍.

81-ാം വയസ്സില്‍ അമിതാഭ് ബച്ചന്‍ തന്റെ ആദ്യ 1000 കോടി ഹിറ്റ് നേടിയത് കല്‍ക്കി 2898 എഡിയിലൂടെയാണ്. നാഗ് അശ്വിന്റെ സംവിധാനത്തില്‍ അമിതാഭ് അനശ്വരനായ അശ്വത്ഥാമാവിനെ ചിത്രത്തില്‍ അവതരിപ്പിച്ചു. പ്രഭാസും ദീപിക പദുക്കോണും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. കല്‍ക്കി 2898 എഡി ലോകമെമ്പാടും 1041 കോടിയാണ് നേടിയത്. അമിതാഭ് ബച്ചന്‍ അടുത്തതായി അഭിനയിക്കുന്നത് രജനികാന്തിന്റെ വേട്ടയാനിലാണ്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം 2024 ഒക്ടോബര്‍ 10ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.