കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട ആര്‍ജി കാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് തെരുവില്‍ നൃത്തം ചെയ്ത് നടി മോക്ഷ സെന്‍ഗുപ്ത. ദക്ഷിണേന്ത്യന്‍ സിനിമയില്‍ സജീവമായ ബംഗാളി നടി തന്റെ രോഷം കലയിലൂടെ പ്രകടമാക്കുന്നതിന്റെ വീഡിയോ വൈറലാണ്. നര്‍ത്തകിയും നടിമായ മോക്ഷ സെന്‍ഗുപ്ത, സംഭവത്തോടുള്ള പ്രതികരണമായി കവി കാസി നസ്റുല്‍ ഇസ്ലാമിന്റെ ഗാനത്തിന് ഒപ്പമായിരുന്നു ചുവടുവെച്ചത്. ബലാത്സംഗത്തിനും കൊലപാതകത്തിനും എതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം അലയടിക്കുകയാണ്.
ബംഗാളി സിനിമയിലൂടെ കരിയര്‍ ആരംഭിച്ച മോക്ഷ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി അനേകം സിനിമകള്‍ ചെയ്ത മോക്ഷ കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത ‘കള്ളനും ഭഗവതി’യും എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ എത്തിയത്. യെവാള്‍ എന്ന സിനിമയിലൂടെ തമിഴിലും ലക്ക്ി ലക്ഷ്മണ്‍ എന്ന സിനിമയിലൂടെ തെലുങ്കിലും നടി അഭിനയിച്ചിട്ടുണ്ട്. സൗത്ത് കൊല്‍ക്കത്തയിലെ സന്തോഷ്പൂരില്‍ ഒരു എന്‍ജിഒ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു നടിയുടെ തെരുവ് പ്രകടനം നടന്നത്. അവിടെ മോക്ഷ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ചേര്‍ന്നു. പ്രതിഷേധത്തിന്റെ ക്രിയാത്മക രൂപമായ അവളുടെ തെരുവ് നൃത്തം പിന്നീട് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായി.
ദക്ഷിണേന്ത്യന്‍ സിനിമയിലെ അഭിനയത്തിന് പേരുകേട്ട ബംഗാളി നടി നോര്‍ത്ത് 24 പര്‍ഗാനാസിലെ ബാരക്പൂര്‍ സ്വദേശിയാണ്. ക അഭിനയം കരിയറായി തുടങ്ങുന്നതിന് മുമ്പ് അധ്യാപികയായി ജോലി ചെയ്തു. ‘കുറ്റകൃത്യത്തെക്കുറിച്ച് ആദ്യം കേട്ടപ്പോള്‍, ഞാന്‍ ഒരു സിനിമയുടെ റിലീസിനായി ഹൈദരാബാദിലായിരുന്നു. സാഹചര്യത്തെക്കുറിച്ച് അറിയില്ലായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന ഈ ഹീനകൃത്യത്തെക്കുറിച്ച് അറിഞ്ഞയുടനെ പ്രതിഷേധിക്കാന്‍ എന്റെ നഗരത്തിലേക്ക് മടങ്ങി. ഒരു കലാകാരി എന്ന നിലയില്‍, ഞാന്‍ തെരുവ് പ്രകടനം എന്റെ പ്രതിഷേധത്തിന്റെ രൂപമായി തിരഞ്ഞെടുത്തു, സാധാരണക്കാരുടെ ആശങ്കകള്‍ പ്രകടിപ്പിക്കാന്‍, നഗരവാസികളുടെ പ്രതിനിധിയായി ഞാന്‍ എന്റെ സമയം മാറ്റിവച്ചു.” മോക്ഷ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.