കോട്ടയംകാരി ദിയയെ ഒരു പക്ഷേ കേരളത്തിലെ പ്രായം കുറഞ്ഞ ആദ്യത്തെ വനിതാ ബുള്ളറ്റ് മെക്കാനിക്ക് എന്ന് വിശേഷിപ്പിച്ചാല്‍ പോലും തെറ്റില്ല. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ദിയാ ജോസഫ് 22 വയസ്സിനുള്ളില്‍ കൈകാര്യം ചെയ്യുന്നത് കേരളത്തിലെ യുവതയുടെ സ്വപ്‌നമായ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുകളാണ്. പുരുഷാധിപത്യമുള്ള ഒരു മേഖലയിലെ സ്റ്റീരിയോടൈപ്പുകള്‍ തകര്‍ക്കുന്ന ദിയ റോയല്‍ എന്‍ഫീല്‍ഡ് നന്നാക്കുകയും സര്‍വീസ് ചെയ്യുകയും ഓടിക്കുകയുമൊക്കെ ചെയ്യും.
സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെ പിതാവിന്റെ വര്‍ക്ക്‌ഷോപ്പില്‍ ചെന്നിരുന്ന് റിപ്പയറിംഗ് പഠിച്ചുള്ള തുടക്കം അവരെ മികച്ച മെക്കാനിക്ക് കൂടിയാക്കി മാറ്റിയിരിക്കുകയാണ്. പരിചയസമ്പന്നനായ ബുള്ളറ്റ് റിപ്പയര്‍ സ്‌പെഷ്യലിസ്റ്റായ പിതാവ് ജോസഫിനോപ്പം ജോലി ചെയ്യുന്നു. അച്ഛനെ സഹായിക്കാന്‍ വേണ്ടി തുടങ്ങിയ പരിപാടി പിന്നീട് ഒരു അഭിനിവേശമായി മാറി.
ദിയയ്ക്ക് ഒരു സര്‍വീസിന് 2,000 രൂപ എളുപ്പത്തില്‍ സമ്പാദിക്കാന്‍ കഴിയും. മകളുടെ ബുള്ളറ്റിനോടുള്ള അഭിനിവേശം കാരണം പ്ലസ് ടു പരീക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷം ജോസഫ് അവള്‍ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് സമ്മാനമായി നല്‍കി. ഇപ്പോള്‍, അവള്‍ മോട്ടോര്‍ സൈക്കിളുകള്‍ നന്നാക്കുക മാത്രമല്ല, അവ ഓടിക്കുന്നതും ദിയ ഏറെ ആസ്വദിക്കുന്നു.
പുരുഷാധിപത്യമുള്ള ഒരു തൊഴില്‍ മേഖലയില്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് തന്റെ പാത പിന്തുടരാന്‍ ദിയ വഴിയൊരുക്കുകയാണ്. ”ഇവിടെ ജോലി ചെയ്യുന്നതിനെക്കുറിച്ച് നല്ല കാര്യങ്ങള്‍ പറയുന്നവരുണ്ട്, പക്ഷേ നെഗറ്റീവ് കാര്യങ്ങള്‍ പറയുന്നവരുമുണ്ട്. ഞാന്‍ അഭിനന്ദനങ്ങള്‍ സ്വീകരിക്കുന്നു, നെഗറ്റീവ് കാര്യങ്ങളില്‍ വലിയ ശ്രദ്ധ ചെലുത്തുന്നില്ല,” ദിയ തന്റെ നിലപാട് വ്യക്തമാക്കുന്നു.