ഗ്രേറ്റർ നോയിഡയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ വൻതീപിടുത്തം. മാർച്ച് 28 വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തീപിടുത്തതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തീപിടുത്തത്തിൽ നിന്ന് രക്ഷപെടാൻ ഹോസ്റ്റലിലെ രണ്ട് വിദ്യാർത്ഥിനികൾ ബാൽക്കണിയിൽ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്.
ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക്-3 ഏരിയയിലുള്ള അന്നപൂർണ ഗേൾസ് ഹോസ്റ്റലിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പ്രകാരം ഹോസ്റ്റലിൽ സ്ഥാപിച്ചിരുന്ന എസി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. അതേസമയം, സംഭവസമയത്ത് നിരവധി പെൺകുട്ടികൾ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെട്ടുതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിനിടയിലാണ് ഹോസ്റ്റലിൽ കുടുങ്ങിയ രണ്ട് പെൺകുട്ടികൾ ബാൽക്കണിയിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഒരു പെൺകുട്ടിയെ നാട്ടുകാർ ഗോവണി ഉപയോഗിച്ച് സുരക്ഷിതമായി രക്ഷപ്പെടുത്തിയപ്പോൾ, താഴെയിറങ്ങാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു പെൺകുട്ടി ബാൽക്കണിയിൽ നിന്ന് തെറിച്ചുവീണു.
എന്നാൽ പെൺകുട്ടിക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും പൂർണ്ണമായും സുരക്ഷിതയാണെന്നും അഗ്നിശമനസേന വ്യക്തമാക്കി. “ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ്, നോളജ് പാർക്ക്-3 ൽ സ്ഥിതി ചെയ്യുന്ന അന്നപൂർണ ഗേൾസ് ഹോസ്റ്റലിൽ തീപിടുത്തമുണ്ടായതായി ഞങ്ങൾക്ക് വിവരം ലഭിച്ചത്. ഞങ്ങളുടെ സംഘം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഞങ്ങളുടെ എഫ്എസ്ഒയും സ്ഥലത്തുണ്ടായിരുന്നു,” ഇന്ത്യ ടുഡേയോട് സംസാരിക്കുമ്പോൾ ചീഫ് ഫയർ ഓഫീസർ പ്രദീപ് കുമാർ ചൗബെ പറഞ്ഞു.
ഹോസ്റ്റലിൽ കുടുങ്ങിയ പെൺകുട്ടികളെ കുറിച്ച് ചോദിച്ചപ്പോൾ, ഫയർഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും പെൺകുട്ടികളെല്ലാം രക്ഷപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.