ലോകകായികമേളയുടെ പാരീസിലെ പതിപ്പില്‍ ആറ് മെഡലുകളോടെ ഇന്ത്യ കളി അവസാനിപ്പിച്ചപ്പോള്‍ കായികതാരങ്ങളെ തേടി വരുന്നത് ലക്ഷങ്ങളുടെ പ്രതിഫലങ്ങള്‍. കഴിഞ്ഞ ടോക്കിയോ 2020 ഒളിമ്പിക്സിനെ അപേക്ഷിച്ച് ഒരു മെഡല്‍ മാത്രമാണ് ഇന്ത്യയ്ക്ക് കുറഞ്ഞത്. ടോക്കിയോയില്‍ ഒരു സ്വര്‍ണ്ണം ഉള്‍പ്പെടെ ഏഴുമെഡല്‍ നേടിയ ഇന്ത്യയ്ക്ക് ഇത്തവണ ഒരു സ്വര്‍ണ്ണം പോലും കുറിക്കാനുമായില്ല.
2024 ലെ പാരീസില്‍ ജാവലിനില്‍ വെള്ളിനേടിയ നീരജ് ചോപ്രയും വെങ്കലം നേടിയ ഹോക്കി ടീമുമാണ് ഇന്ത്യയുടെ പ്രകടനത്തില്‍ മുന്നില്‍ നിന്നത്. ജാവലിനില്‍ ടോക്കിയേയില്‍ സ്വര്‍ണ്ണമണിഞ്ഞ നീരജ് പാരീസില്‍ എത്തിയപ്പോള്‍ വെള്ളിമെഡല്‍ നേടി. ഷൂട്ടിംഗില്‍ മനു ഭേക്കര്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി. ഒന്ന് വ്യക്തിഗതമായും മറ്റൊന്ന് സരബ്ജോത് സിങ്ങിനൊപ്പം മിക്സഡ് ടീമിലും. ഷൂട്ടിംഗ് വെങ്കലവുമായി സ്വപ്നില്‍ കുസാലെയും നാട്ടിലേക്ക് മടങ്ങി. അമന്‍ സെഹ്‌റവത് ഗുസ്തി വെങ്കലവും നേടി.
രണ്ടു മെഡലുകള്‍ നേടിയ 22 കാരി മനു ഭേക്കര്‍ക്ക് യുവജനകാര്യ കായിക മന്ത്രാലയം 30 ലക്ഷം രൂപയാണ് സമ്മാനമായി നല്‍കിയത്. സമാപനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകവാഹകയും അവര്‍ ആയിരുന്നു. മനുവിനൊപ്പം മിക്‌സഡ് ടീം ഷൂട്ടിംഗ് വെങ്കലം നേടിയ സരബ്ജോത്തിന് യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ ക്യാഷ് അവാര്‍ഡ് സ്‌കീം വഴി 22.5 ലക്ഷം രൂപയുടെ ചെക്ക് മാണ്ഡവ്യ നല്‍കി.
ഹോക്കിയില്‍ വെങ്കലം ആവര്‍ത്തിച്ച പുരുഷ ഹോക്കി ടീമിന് ഓരോ അംഗത്തിനും 15 ലക്ഷം രൂപ ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. കൂടാതെ, സപ്പോര്‍ട്ട് സ്റ്റാഫിലെ ഓരോ അംഗത്തിനും 7.5 ലക്ഷം രൂപയും നല്‍കി. അതിനിടെ, ഒഡീഷ മുഖ്യമന്ത്രി മോഹന്‍ മാഞ്ചി ഡിഫന്‍ഡര്‍ അമിത് രോഹിദാസിന് 4 കോടി രൂപയും ഓരോ കളിക്കാരനും 15 ലക്ഷം രൂപയും ഓരോ സപ്പോര്‍ട്ട് സ്റ്റാഫിന് 10 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സംസ്ഥാനത്ത് നിന്നുള്ള ഓരോ സ്‌ക്വാഡ് അംഗത്തിനും ഒരു കോടി രൂപ സമ്മാനവും പ്രഖ്യാപിച്ചു.
പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഫൈനലില്‍ കുസാലെ വെങ്കലം നേടി, കൂടാതെ ഒരു കോടി രൂപ ലഭിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അറിയിച്ചു. അതേസമയം ജാവലിനില്‍ വെള്ളി നേടിയ നീരജ് ചോപ്രയുമായി ബന്ധപ്പെട്ട ക്യാഷ് പ്രൈസുകളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. ടോക്കിയോയില്‍ സ്വര്‍ണം നേടിയപ്പോള്‍ ഹരിയാന സര്‍ക്കാരില്‍ നിന്ന് നീരജിന് ലഭിച്ചത് ആറ് കോടി രൂപയാണ്. വെങ്കല മെഡല്‍ നേടിയ അമനും ക്യാഷ് പ്രൈസ് ലഭിക്കുമെങ്കിലും ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
