ഇന്ത്യയിൽ ദീർഘദൂര യാത്രകളിൽ ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് ട്രെയിൻ സർവീസുകളെയാണ്. ഇതിൽ കൂടുതൽ യാത്രക്കാരും നിരക്ക് കുറഞ്ഞ ലോക്കൽ കോച്ചുകളിലാണ് യാത്ര ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും നാളുകൾക്കുമുമ്പ് ഭൂരിഭാഗം ട്രെയിനുകളും ലോക്കൽ കോച്ചുകളുടെ എണ്ണം കുറച്ച് റിസര്‍ഷേന്‍ കോച്ചുകളുടെ എണ്ണം കൂട്ടിയതോടെ യാത്രക്കാർ ദുരിതത്തിലായി. ഇതോടെ കള്ള വണ്ടി കേറുന്നവരുടെയും റിസർവേഷനിലേക്ക് ടിക്കറ്റില്ലാതെ കയറുന്നവരുടെയും എണ്ണം വർധിച്ചു. ഇതോടെ പല കൊച്ചുകളിലും ആളുകൾ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന അവസ്ഥയാണ്. ഇരിക്കാൻ പോലും ആളുകൾക്ക് സീറ്റ് കിട്ടാത്ത സാഹചര്യമാണ്. ഏതായാലും ദീർഘദൂര യാത്രയിലെ യാത്രക്കാരുടെ ദുരിതം എടുത്തുകാണിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ.
ആളുകൾ നിൽക്കാൻ പോലും ബുദ്ധിമുട്ടുന്ന ട്രെയിനിൽ ഒരാൾ ഉറങ്ങുന്ന വീഡിയോയാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്. തന്റെ വ്യത്യസ്തമായ ആശയം കൊണ്ട് അയാൾ സ്വന്തമായി കിടക്കാൻ ഒരിടം ഉണ്ടാക്കുകയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആളുകൾ ഇതിനെ ഒരു മികച്ച ആശയം എന്നാണ് വിശേഷിപ്പിച്ചത്.
നിൽക്കാൻ പോലും ഇടമില്ലാതെ തീവണ്ടിയുടെ സ്ലീപ്പർ കോച്ചിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോയിൽ ഒരു സീറ്റിൽ നാലോ അഞ്ചോ പേർ ഇരിക്കുന്നതാണ് കാണുന്നത്. തീവണ്ടിയിലെ തിരക്ക് കാരണം ആളുകൾ തറയിൽ പോലും ഉറങ്ങുന്നു. ഇവയ്‌ക്കെല്ലാം ഇടയിൽ ഒരാൾ ഉറങ്ങാൻ ബുദ്ധിപരമായ ഒരു നീക്കം നടത്തുകയാണ്. തുടർന്ന് എതിർവശത്തുള്ള രണ്ട് മുകളിലെ ബർത്തുകളിൽ ഒരു ബെഡ്ഷീറ്റ് കെട്ടി, തനിക്കായി ഒരു ഊഞ്ഞാൽ ഉണ്ടാക്കി അതിൽ സുഖമായി ഇയാൾ ഉറങ്ങുന്നു.
Payal(@chalbe_ ) എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “ഇന്ത്യയിൽ കഴിവിന് ഒരു കുറവുമില്ല. ഇവിടുത്തെ ആളുകൾ അടിപൊളിയാണ് ” എന്ന തലകെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോ ഇതിനോടകം 15 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. “തീർച്ചയായും ശരിയാണ്! ഇന്ത്യയിൽ പ്രതിഭകളുടെ കാര്യത്തിൽ ഒരു കുറവുമില്ല. എല്ലായിടത്തും അവരുടെ കഴിവുകളും സർഗ്ഗാത്മകതയും കൊണ്ട് എല്ലാവരെയും വിസ്മയിപ്പിക്കുന്ന അത്ഭുതകരമായ ആളുകൾ ഉണ്ട്, “ഞങ്ങൾ ഇന്ത്യക്കാർ ഞങ്ങളുടെ ജുഗാഡു ആശയങ്ങൾക്ക് പ്രശസ്തരാണ്.” ഇങ്ങനെ പോകുന്നു കമന്റുകള്‍.